India

ദൽഹി കലാപത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാൾ, പോലീസ് ഉദ്യോഗസ്ഥന് നേർക്ക് തോക്ക് ചൂണ്ടിയ ജിഹാദി : ഷാരൂഖ് പത്താന് 15 ദിവസത്തെ ഇടക്കാല ജാമ്യം

2020 ഫെബ്രുവരിയിലെ ദൽഹി കലാപത്തിനിടെ ദൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നത് ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്

Published by

ന്യൂദൽഹി : 2020 ലെ വടക്കുകിഴക്കൻ ദൽഹി കലാപക്കേസിലെ പ്രതി ഷാരൂഖ് പത്താന് വെള്ളിയാഴ്ച 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അക്രമത്തിനിടെ പോലീസ് കോൺസ്റ്റബിളിന് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ ദൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന പത്താന് അസുഖബാധിതനായ പിതാവിനെ പരിചരിക്കുന്നതിനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

ദൽഹി കലാപക്കേസിലെ പ്രതിക്ക് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയുടെ ആൾ ജാമ്യത്തിലുമാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെ പത്താനു വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള അക്തർ, തന്റെ കക്ഷി 2020 മാർച്ച് 3 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ഇതുവരെ ഇടക്കാല ജാമ്യം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

രോഗിയായ പിതാവിനെ സന്ദർശിക്കാൻ പത്താന് പരോൾ വേണമെന്നും പരോൾ കാലയളവിൽ, കോടതി നിശ്ചയിക്കുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും അപേക്ഷകൻ പാലിക്കുമെന്നും അക്തർ വാദിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.

ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയ്‌ക്ക് നേരെ തോക്ക് ചൂണ്ടിയതും രോഹിത് ശുക്ല എന്ന വ്യക്തിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതും ഉൾപ്പെടെ കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പത്താൻ പ്രതിയാണ്. 2020 ഫെബ്രുവരിയിലെ ദൽഹി കലാപത്തിനിടെ ദൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയ്‌ക്ക് നേരെ തോക്ക് ചൂണ്ടുന്നത് ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരൂഖ് പത്താനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന്റെ പ്രസ്താവന പ്രകാരം ജാഫ്രാബാദിലെ മെട്രോ ലൈനിന് കീഴിലുള്ള ഒരു റോഡിൽ ഷാരൂഖ് ഉണ്ടായിരുന്നു. അവിടെ നിരവധി ആളുകൾ നിയമവിരുദ്ധമായി ഒത്തുകൂടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) മുദ്രാവാക്യങ്ങളം വിളിച്ചിരുന്നു.

നിയമവിരുദ്ധമായി ഒത്തുകൂടിയവരുടെ കൈകളിൽ കല്ലുകളും കുപ്പികളും പിസ്റ്റളുകളും ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഷാരൂഖും തോക്കുമായി അക്രമത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു. തുടർന്ന് കൊലപാതകശ്രമം, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ക്രിമിനൽ ബലപ്രയോഗം, അപകടകരമായ ആയുധം കൈവശം വയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഷാരൂഖ് പത്താനെതിരെ ചുമത്തി. പിന്നീട്, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങളും കേസിൽ ചേർക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by