അയാളുടെ വിവാഹം കഴിഞ്ഞിട്ട് 26 വര്‍ഷം ആയെങ്കിലും ഒരിക്കല്‍പോലും കുടുംബത്തെ തനിച്ചാക്കി ദൂരെ ഒരിടത്തും ഒരു വിനോദയാത്രയ്ക്കായി പോയിട്ടില്ല.ഇപ്പോള്‍ മൈസൂറിലേക്ക് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായി ഭാര്യ ടൂറിന് പോയിരിക്കുകയാണ്. രണ്ട് വലിയ ടൂറിസ്റ്റ് ബസുകളില്‍ ആയിരുന്നു യാത്ര.
വര്‍ഷംതോറും ഉള്ള വിനോദയാത്രയ്ക്ക് പോകാമായിരുന്നു. അപ്പോഴെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു അയാളുടെ ഭാര്യ എന്നതാണ് വാസ്തവം. തന്നെയും മക്കളെയും വിട്ട് എങ്ങനെയാണ് പോകുന്നതെന്ന് അവള് പറയുമായിരുന്നു.
അയാള്‍ക്ക് ജോലി സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നതിനാല്‍ സ്ഥലംമാറ്റം ഉണ്ടാവുക സ്വാഭാവികം. ഒരു നല്ല ഭാഗവും സ്വന്തം ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്തിരുന്നത്. ആഴ്ചകള്ക്കൊടുവിലോ, മാസത്തിന്റെ അവസാനമോ ആയിരിക്കും അയാള്‍ വീട്ടിലേക്ക് വരിക. ഇടയ്ക്കിടയ്ക്കുള്ള സ്ഥലംമാറ്റം അവരുടെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു.
അയാള്‍ ഓര്‍ത്തു. താന്‍ വിവാഹം കഴിക്കാന്‍ വൈകിയതിനെക്കുറിച്ച്.അടുത്തുള്ള പഞ്ചായത്തുകളില്‍ ആണ് താമസിച്ചിരുന്നത് എങ്കിലും അവര്‍ അതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു. ഒരിക്കല്‍ ഒരു ബന്ധു പറഞ്ഞു’ കുറച്ചു നേരത്തെ ആലോചനയ്ക്ക് വന്നിരുന്നെങ്കില്‍ അന്നേ കെട്ടിച്ചു തരുമായിരുന്നു. ‘
ആദ്യകാലങ്ങളില്‍ ഒക്കെ ചില അപസ്വരങ്ങള്‍ ഉണ്ടായിരിന്നിട്ടുീ പതിയെ പതിയെ അത് കുറഞ്ഞുവന്നു. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് കുട്ടികള്‍ ആയി. ഇതിനെപ്പറ്റി ചിലര്‍ കളിയാക്കുക ഇങ്ങനെ ആയിരുന്നു. ‘ സാരമില്ല, കുട്ടികള്‍ ഒരുമിച്ച് അങ്ങ് വളരും . ‘ഒരു എയ്ഡഡ് സ്കൂളില്‍ പണം ഡെപ്പോസിറ്റ് ചെയ്തു അധ്യാപിക ജോലി നേടി. സിംഗിള്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂള്‍ ആയതുകൊണ്ട് എന്നും വീടിനടുത്ത് ജോലി ചെയ്യാമല്ലോ? അങ്ങനെ അവര്‍ ആശ്വസിച്ചു. ‘ ചേട്ടാ, ഞാന്‍ ഇത്തവണ സ്കൂളില്‍ നിന്നും ടൂര്‍ പോകുകയാണ്. ഇക്കൊല്ലം പെന്ഷന് പറ്റുന്ന 4 സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നു. സമ്മതമല്ലേ. തനിച്ച് ആക്കിയിട്ട് പോകാനും പ്രയാസം’.– അവള് പരിഭവം പറഞ്ഞു’ എന്തായാലും പോയിട്ട് വാ’ അയാള്‍ പറഞ്ഞു. ഒരു മകന് മെഡിക്കല്‍ കോളേജില്‍ പി. ജി ക്ക് പഠിക്കുന്നു. ഹോസ്റ്റലില്‍ ആണ് താമസം. ‘ അവനോട് പറ ഒരാഴ്ച വീട്ടില്‍ വന്ന് നില്ക്കാന്. ‘ഭാര്യ പറഞ്ഞു. ‘അത് വേണോ. ഹോസ്പിറ്റലില്‍ പോകേണ്ടേ. ‘ അയാള്‍ ചോദിച്ചു. പിന്നെ പറഞ്ഞു’ എന്തായാലും പോയിട്ട് വാ.’
ഒരാഴ്ച, ഭാര്യയുടെ അഭാവം ശരിക്കും ബാധിച്ചു. അടുക്കും ചിട്ടയുമായി കഴിഞ്ഞിരുന്നത് എല്ലാം അവതാളത്തിലായി. എല്ലാം ഭാര്യയാണ്ഹ നോക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ ആഹാരത്തിന് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങുന്നു. ചെറു വിഭവങ്ങള്‍ ഉണ്ടാക്കുന്നു. പാത്രങ്ങളും മറ്റും ചിതറി കിടന്നു. സന്ധ്യയ്ക്കും പ്രഭാതത്തിലും കൃത്യമായി വിളക്ക് കത്തിച്ചിരുന്നത് ഇല്ലാതെയായി. മുറ്റമടിയില്ല. കരിയിലകള്‍ വീണു കിടന്നിരുന്നു. ഒരു അവയവത്തിന്റെ അഭാവം മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കും. അതുപോലെ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിന് അതിലെ ഓരോ അംഗത്തിനും പ്രാധാന്യമുണ്ടെന്ന് അയാള്‍ഓര്‍ത്തു.ജോലിയും വീടും ഒരുമിച്ച് എങ്ങനെ കൊണ്ടുപോയിരുന്നുവെന്ന് അയാള്‍ അത്ഭുതപ്പെട്ടിരുന്നു. ‘ഞാന്‍ ഒന്ന് കിടന്നു പോയാലെ അച്ഛനും മക്കളും എന്തു ചെയ്യും, അതെങ്ങനെയാ പാചകത്തിനും മറ്റും എന്നെ ഒന്ന് സഹായിക്കാന്‍. അപ്പോഴൊക്കെ പലതും പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടല്ലേ ഉള്ളൂ. ഞാന്‍ ഇല്ലാതാവുമ്പോള്‍ നിങ്ങള്‍ പഠിച്ചോളും. ‘ഭാര്യപറഞ്ഞു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ നാളുകളില്‍ ബന്ധുക്കളും മറ്റും ചോദിക്കുമായിരുന്നു. ‘നീ നിന്റെ ഭാര്യയെ അടുക്കളയില്‍ സഹായിക്കുമോ എന്നൊക്കെ, ‘അപ്പോഴൊക്കെ അയാള്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തിരുന്നത്. ചിലപ്പോള്‍ ഭംഗി വാക്കു പറയും ‘കുറെയൊക്കെ. ‘പാചക കാര്യത്തില്‍ സഹായിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന് അയാള്‍ ഓര്‍ത്തു. അയാള്‍ മകനോട് ആയി പറഞ്ഞു ‘നിനക്കി അവസ്ഥ വരരുത്. ‘മൊബൈലില്‍ എന്തോ നോക്കിക്കൊണ്ടിരുന്ന അവന് വല്ലതും മനസ്സിലായോ എന്തോ! അയാള്‍ അസ്വസ്ഥതയോടെ കിടപ്പു മുറിയിലേക്ക് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: