കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഇന്ന് വയനാട്ടിലെത്തും. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ഗോത്രപര്‍വം 2025 ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയില്‍ എത്തുന്ന ഗവര്‍ണര്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് ചുണ്ടയില്‍ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദര്‍ശിക്കും. വനവാസി ഗ്രാമത്തിലെത്തുന്ന ഗവര്‍ണറെ വാദ്യോപകരണങ്ങളോടെ സ്വീകരിക്കും. തുടര്‍ന്ന് ഗോത്രകലകള്‍ അവതരിപ്പിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷിന്റെ നേതൃത്വത്തിലാണ് ഗവര്‍ണറെ സ്വീകരിക്കുക. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗോത്രപര്‍വം 2025 ന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും. ഗോത്ര ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക ശാക്തീകരണത്തിനായി ആരംഭിക്കുന്ന പഴശ്ശിരാജ എജ്യുക്കേഷണല്‍ മിഷന്റെ വിഷന്‍ ഡോക്യുമെന്റിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. വയനാട്ടിലെ ഗോത്ര ഗ്രാമങ്ങളില്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഗോവ സ്പീക്കര്‍ രമേശ് താവദ്കര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുക്കും. സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഡി. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക