ഗോപാൽഗഞ്ച് : ഔറംഗസീബ് പോലുള്ള ഹിന്ദു വംശഹത്യ നടത്തിയ ക്രൂരൻമാരായ മുഗൾ ഭരണാധികളെ പ്രകീർത്തിക്കുന്നതിനെ നിശിതമായി വിമർശിച്ച് ആത്മീയ ആചാര്യനും ബാഗേശ്വർ ധാമിലെ പണ്ഡിറ്റുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. ഛത്രപതി ശിവാജി മഹാരാജ്, ഛത്രപതി സംഭാജി മഹാരാജ്, മഹാറാണ പ്രതാപ്, റാണി ലക്ഷ്മിഭായി തുടങ്ങിയ മഹാന്മാരായ യോദ്ധാക്കളും ഭരണാധികാരികളും ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടും ഔറംഗസീബിനെ ‘മഹാനായ ഭരണാധികാരി’ എന്ന് വിളിക്കുന്നത് രാജ്യത്തിന് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കാലം മാറിക്കൊണ്ടിരിക്കുന്നു, എല്ലാം ഒന്നൊന്നായി ശരിയാകും. പുരാതന ഇന്ത്യൻ സംസ്കാരത്തിന്റെ പതാക വീണ്ടും സ്ഥാപിക്കപ്പെടും. ഇന്ത്യ അനിവാര്യമായും ഒരു ഹിന്ദു രാഷ്‌ട്രമായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും ബാഗേശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു.
അതേ സമയം മതപരിവർത്തനത്തിൽ ആശങ്ക അറിയിച്ച് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡ് സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഛത്തീസ് ഗഡ് സംസ്ഥാന മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ പ്രിയങ്കരനെന്ന് വിളിച്ച് പ്രശംസിച്ച കൃഷ്ണ ശാസ്ത്രി അദ്ദേഹം സനാതന ധർമ്മത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. സനാതന ധർമ്മം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാകണം മഹാകുംഭമേളയുടെ ലക്ഷ്യം. ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി നീങ്ങിയാൽ മതപരിവർത്തനം എന്നന്നേക്കുമായി അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഞങ്ങൾ സനാതന വിശ്വാസികളാണ്. ഒരു പാർട്ടിയിലും പെടുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ വീണ്ടും വീണ്ടും ഇവിടെ വന്ന് മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്തും. അത് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: