വൈക്കം: ഭാരതത്തിലാദ്യമായി ജാതി വിവേചനത്തിനെതിരെ സംഘടിതസമരം നടന്ന വൈക്കത്ത് ജാതിയുടെ പേരിലുള്ള വേര്‍തിരിവുകള്‍ ഇനി വേണ്ടെന്ന് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് ജാതി തിരിച്ചുള്ള എതിരേല്പുകള്‍ വേണ്ടെന്ന വടക്കുപുറത്ത് പാട്ട് കമ്മിറ്റി തീരുമാനത്തിന് യൂണിയന്‍ കൗണ്‍സിലും ശാഖാ ഭാരവാഹികളുടെ യോഗവും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുവഴികളില്‍ ആചാരത്തിന്റെ പേരില്‍ അവര്‍ണന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്നതിനെതിരെയാണ് ഐതിഹാസികമായ വൈക്കം സത്യഗ്രഹം നടന്നത്. ക്ഷേത്രപ്രവേശന വിളംബരമടക്കമുള്ള സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം ഉയര്‍ത്തിവിട്ട നവോത്ഥാന കാഹളം പ്രചോദനമായി. സത്യഗ്രഹം നടന്ന് നൂറ് വര്‍ഷം പിന്നിടുമ്പോഴും വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആചാരത്തിന്റെ മറവില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവുകള്‍ അവശേഷിക്കുന്നു എന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ക്ഷേത്ര കാര്യങ്ങളില്‍ എല്ലാ ഹൈന്ദവര്‍ക്കും തുല്യ പ്രാതിനിധ്യം വേണം. ഇത് സാമൂഹ്യനീതി എന്ന എസ്എന്‍ഡിപി യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ നടന്ന വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ ടി.കെ. മാധവനും മന്നത്ത് പദ്മനാഭനുമെല്ലാം സ്വപ്‌നം കണ്ട സാമൂഹിക സമത്വത്തിലേക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. വൈക്കത്തിന്റെ മണ്ണില്‍ ഇത് വീണ്ടുമൊരു നവോത്ഥാനത്തിന്റെ തുടക്കമാണെന്നും യോഗം വിലയിരുത്തി.
വടക്കുപുറത്ത് പാട്ടിന്റെ എതിരേല്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് എടുക്കുന്നതിനാണ് അടിയന്തര യൂണിയന്‍ കൗണ്‍സിലും ശാഖാ ഭാരവാഹികളുടെ യോഗവും വിളിച്ചു ചേര്‍ത്തത്. പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡംഗം രാജേഷ് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: