India

ബജറ്റില്‍ പ്രീണനം: കര്‍ണാടകയിലെ കോണ്‍ഗ്രസ് ആധുനിക മുസ്ലിം ലീഗായി: അനില്‍ ആന്റണി

Published by

ന്യൂദല്‍ഹി: ഭരണത്തേക്കാള്‍ പ്രീണനത്തിന് മുന്‍ഗണന നല്‍കി കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഹമ്മദ് അലി ജിന്നയുടെ ആധുനിക മുസ്ലീംലീഗായി മാറുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണി.

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ അവതിരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷങ്ങളിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ പുതിയ ഐക്കണായ ഔറംഗസേബില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീങ്ങള്‍ക്ക് മാത്രമായി നല്‍കിയിരുന്ന ഭരണഘടനാവിരുദ്ധമായ നാല് ശതമാനം സംവരണം ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ നിര്‍ത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ അത് പുനഃസ്ഥാപിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ബജറ്റില്‍ ഇമാമുമാര്‍ക്ക് 6,000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ കോളനി വികസന പരിപാടിക്ക് 1000 കോടി രൂപ അനുവദിച്ചതിനുപുറമെ ഹജ്ജ് ഭവന്റെ ഭാഗമായി ഒരു കെട്ടിടം നിര്‍മിക്കാന്‍ അധിക ഫണ്ടും അനുവദിച്ചു. കര്‍ണാടകയിലെ വഖഫ് സ്വത്തുക്കളുടെ വികസനത്തിനായി 150 കോടി രൂപ നീക്കിവെച്ചതായും അനില്‍ ആന്റണി വ്യക്തമാക്കി.

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ നയിക്കുന്നത്.

140 കോടി ഭാരതീയരെയും ശാക്തീകരിച്ച് രാജ്യത്തെ വീകസിത ഭാരതത്തി ലേക്ക് നയിക്കുകയാണ് മോദി. എല്ലാവരുടെയും ശാക്തീകരണം, ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപിയുടെ മന്ത്രം. ഇതിനു വിപരീതമായാണ് അന്‍പത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക