കെ. ചന്ദ്രലത
ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷ
ആര്‍ഷ ഭാരതത്തില്‍ എല്ലാ മേഖലകളിലും ചിരപുരാതനകാലം തൊട്ടേ സ്ത്രീകള്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.”യത്രനാര്യസ്തു പൂജ്യന്തെ രമന്തേ തത്രദേവതാ”എന്നതായിരുന്നു ഭാരതീയ ചിന്ത. പല വിദ്വല്‍സദസുകളിലും സ്ത്രീകള്‍ നക്ഷത്ര ശോഭയോടെ പ്രശോഭിച്ചു. ചരിത്രം നോക്കിയാലും സ്ത്രീകള്‍ വീരമാതാക്കളും ശക്തിയുക്തകളും, യുദ്ധവിശാരദരുമായിരുന്നു എന്നു കാണാം. കോളണിവത്കരണത്തിന്റെയും, പാശ്ചാത്യ സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ അവര്‍ സ്വത്വം മറന്നു. മിഥ്യാധാരണകളിലൂടെ പലതരത്തില്‍പ്പെട്ട പ്രശ്‌നങ്ങള്‍ വീട്ടിലും സമൂഹത്തിലും അനുഭവിക്കേണ്ടവരായി മാറിയെന്നത് മറ്റൊരു ചരിത്രയാഥാര്‍ത്ഥ്യം. ഭാരതത്തിന്റെ 5000 വര്‍ഷത്തോളമുള്ള ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകളുടെ ജീവിതം പൊതുവെ വൈരുദ്ധ്യാത്മകവും, കാലഗതിക്കനുസരിച്ചുള്ള പരിണാമങ്ങള്‍ക്ക് വിധേയവുമാണ്. ചില കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക്, ഉന്നതസ്ഥാനവും, ആദരവും നല്‍കിയിരുന്നെങ്കിലും, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അവര്‍ തളക്കപ്പെട്ടിരുന്ന ചരിത്രമാണ് നമുക്കേറെയും കാണാന്‍ സാധിക്കുന്നത്.
വൈദിക കാലഘട്ടത്തില്‍ സ്ത്രീക്കും, പുരുഷനും തുല്യമോ അതിനുമുകളിലോ പരിഗണന ലഭിച്ചിരുന്നു. മാതൃദേവോഭവ’എന്ന മന്ത്രം സ്ത്രീക്ക് മുന്‍ഗണന നല്‍കിയിരുന്നതിന് തെളിവാണ്. ഇതിഹാസ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് മഹത്തായസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും എന്തിനും ഏതിനും ത്യാഗം സഹിക്കാനുള്ള മനസ്സ് അവള്‍ക്ക് കൈമുതലായി ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അന്ധത സ്വയംവരി ച്ച ഗാന്ധാരി, മക്കളോടൊപ്പം വനവാസത്തിനു തയ്യാറായ കുന്തി, പതിവ്രതയായിട്ടും അഗ്നിയിലൂടെ നടന്ന് തന്റെ വിശുദ്ധി തെളിയിച്ച സീത, ഭര്‍ത്താവിന്റെ ജീവന് യാചിച്ച് യമലോകത്തേക്ക് ചെന്ന സാവിത്രി, കുഷ്ഠ രോഗിയായ ഭര്‍ത്താവിനെ തോളിലേറ്റി ജീവിതം നയിച്ച ശീലാവതി… എത്രയെത്ര ഉദാഹരണങ്ങള്‍.
എന്നാല്‍ ത്യാഗാധിഷ്ഠിതമായ ജീവിതത്തിലൂടെ തന്റെ കുടുംബത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഈ സ്ത്രീകള്‍ക്ക് ധീരതയുടെ ചരിത്ര പശ്ചാത്തലം കൈമുതലായുണ്ട്. ഝാന്‍സി റാണി ലക്ഷ്മീഭായിയും, വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയും ധീര ദേശാഭിമാനത്തിന്റെ പ്രതീകമല്ലേ. ലോകചരിത്രം പരിശോധിച്ചാലും, ഒന്ന്, രണ്ട് ലോകമഹായുദ്ധക്കാലത്ത് പുരുഷന്മാര്‍ യുദ്ധഭൂമിയിലേക്ക് പുറപ്പെട്ടപ്പോള്‍ എല്ലാ ഫാക്ടറികളും, വ്യവസായവും നോക്കിനടത്തിയത് വനിതകളായിരുന്നു. അച്ചടി വിദ്യ കണ്ടുപിടിച്ചപ്പോള്‍ മുതല്‍ അവര്‍ എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് കുടിയേറി.
മധ്യകാലഘട്ടത്തില്‍ സ്ത്രീയുടെ അന്തസ്സിന് മങ്ങലേറ്റു. മുഗള്‍, മുസഌം ഭരണകാലഘട്ടത്തില്‍ സ്ത്രീയെ ഉപഭോഗവസ്തുവായി തരംതാഴ്‌ത്തി. സ്ത്രീയെ ആദരിക്കുന്ന സംസ്‌കാരം ഭാരതത്തിനുമാത്രം അവകാശപ്പെട്ടതാണ്. സ്ത്രീ സങ്കല്‍പ്പം അമ്മ എന്നുള്ളതാണ്. അമ്മയാവുക എന്നത് സ്ത്രീത്വത്തിന്റെ പൂര്‍ണ്ണതയാണ്. ക്ഷമയുടെയും, ത്യാഗത്തിന്റെയും ഒക്കെ മൂര്‍ത്തിമദ് ഭാവമായി അതുകൊണ്ടാണ് സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നത്. എത്ര ത്യാഗം സഹിച്ചാണ് അവര്‍ മക്കളെ വളര്‍ത്തുന്നത്. സ്വന്തം മക്കളെ നേര്‍വഴിക്ക് കൊണ്ടുവരുന്നതിലൂടെ ഒരു സമൂഹത്തെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ അമ്മയ്‌ക്ക് കഴിയും. ഇന്ന് വനിതകളുടെ അവസ്ഥയേറെ ശോചനീയമാണ്. ഗാര്‍ഹിക പീഡനമാണ് സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം വീടുപോലും സ്ത്രീക്ക് സുരക്ഷിതമല്ലാതായി. മദ്യത്തിനും, മയക്കുമരുന്നിനും അടിമകളായ പുരുഷന്മാരാണ് ഇതിനു പ്രധാന കാരണം.
ഇന്നത്തെ തലമുറയുടെ മൂല്യച്യുതി സമൂഹത്തെ കാര്‍ന്നുതിന്നുന്നു. ഒരു കുഞ്ഞു ജനിച്ച് പേരിടുന്നതിനു മുന്‍പേ മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുഞ്ഞിന്റെ അക്കൗണ്ട് തുടങ്ങിക്കഴിയും. കൈവിരലുകള്‍ കൂട്ടിപ്പിടിക്കാനാകും മുന്‍പേ മൊബൈല്‍ കൊടു ത്തു ശീലിപ്പിക്കും. ഇങ്ങനെ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ നീതിബോധമോ, മൂല്യബോധമോ ഇല്ലാത്തവരായിത്തീരും. കൂട്ടുകുടുംബ വ്യവസ്ഥയില്‍ പുരാണ ഇതിഹാസ കഥകള്‍ കേട്ടുവളര്‍ന്ന, അപ്പു പ്പനും, അമ്മൂമ്മയും വളര്‍ത്തിയ ഒരു തലമുറ നമുക്ക് അന്യമായി. ഇന്ന് പല കുട്ടികളുടേയും മാതൃക സിനിമാതാരങ്ങളാണ്.
കുഞ്ഞുങ്ങളെ കുടുംബത്തിനും, സമൂഹത്തിനും, രാജ്യത്തിനും ഉതകുന്ന രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സ്വന്തം സഹോദരിയെപ്പോലെ മറ്റു പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം. എങ്ങും സുരക്ഷിതരല്ല എന്ന ചിന്തയാല്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന നിരവധി സ്ത്രീകള്‍ സമൂഹത്തിലുണ്ട്. ജോലിസ്ഥലത്തും അവള്‍ തീരെ സുരക്ഷിതയല്ല. ഡോ: വന്ദന ദാസ് ഇന്നും തീരാദുഃഖമായി നമ്മുടെ മനസ്സിലുണ്ട്. തൊഴിലിട ചൂഷണങ്ങള്‍ കൂടിക്കൂടി വരുന്നു. തൊഴില്‍ നിയമങ്ങളൊക്കെ നിലവില്‍ വന്നിട്ടും രാവിലെ മുതല്‍ രാത്രിവരെ നന്നു ജോലിചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍ ധാരാളമുണ്ട്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് വെറും പേപ്പറില്‍ മാത്രമാണ്. ജനായത്തഭരണ വ്യവസ്ഥയില്‍ ഇന്ന് സ്ത്രീ പങ്കാളി ത്തം അനിവാര്യമാണ്. പഞ്ചായത്തിരാജ് നടപ്പിലാക്കിയപ്പോള്‍ 1992 ലെ പരിഷ്‌കാരം അനുസരിച്ച് 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
ലോക്‌സഭയിലേക്കും നിയമസഭകളിലേയ്‌ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ 2023 സപ്തംബര്‍ 29 ന് നിയമമായി. സ്ത്രീയുടെ വളര്‍ച്ച ഒരിക്കലും പുരുഷന്റെ തളര്‍ച്ചയല്ല. ഒരു കുടുംബം നോക്കി നടത്തുന്നതില്‍ സ്ത്രീയുടെ പങ്ക് പുരുഷനേക്കാള്‍ വലുതാണ്. പുരുഷനെ അപേക്ഷിച്ച് ആന്തരിക ശക്തി കൂടുതലും സ്ത്രീക്കാണ്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം തന്നെ ഉദാഹരണം. സമൂഹ ത്തിലെ മുറിവുകള്‍ അത്യധികമായി ഏല്‍ക്കുന്നതും അതിന്റെ പരിണത ഫലം അനുഭവിക്കുന്നതും സ്ത്രീയാണ്.
കുടുംബത്തിന്റെ അന്തച്ഛിദ്രത്തിന് പ്രധാനകാരണം പുരുഷന്റെ മദ്യപാനമാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന മറ്റൊരു വിപത്ത് മയക്കുമരുന്നാണ്. നമ്മുടെ മക്കള്‍ എവിടെയെങ്കിലും സുരക്ഷിതരാണോ. വിദ്യാലയങ്ങളും, പരിസര പ്രദേശങ്ങളും മയക്കുമരുന്നു മാഫിയകളുടെ പിടിയിലാണ്. കുട്ടികള്‍ പരസ്പരം ആക്രമിക്കുന്നു. റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്നു. മക്കള്‍ മാതാപിതാക്കളുടെ ഘാതകരാകുന്നു.
ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് കഴിയണം. എത്ര തിരക്കുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കൂടെ സമയം ചിലവഴിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുക. തെറ്റും ശരിയും തിരിച്ചറിയാന്‍ പഠി പ്പിക്കുക. മക്കളുടെ നല്ല സുഹൃത്തായി അമ്മമാര്‍ മാറുക, Education without character is useless എന്ന് കുട്ടികള്‍ മനസ്സിലാക്കണം.
വിദ്യാഭ്യാസമാണ് എല്ലാത്തിന്റേയും അടിത്തറ. സ്ത്രീകള്‍ അറിവുള്ളവരാകണം. അവര്‍ക്ക് സമൂഹത്തില്‍ സ്ഥാനം നിര്‍ണയിക്കുന്നത് വിദ്യാഭ്യാസം, ജോലി, വരുമാനം, മറ്റ് സാമൂഹ്യ പരിതസ്ഥിതികള്‍ എന്നിവയാണ്.
സ്ത്രീ മുന്നേറ്റത്തിന്റെ ആധാരശിലയാണ് അവര്‍ വഹിക്കുന്ന ജോലി. കുടുംബം പോറ്റാന്‍ ഇന്ന് അവര്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വേള്‍ഡ് ബാങ്കിന്റെ ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 59.8 ശതമാനം സ്ത്രീകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരു ശരാശരി സ്ത്രീ 15-16 മണിക്കൂര്‍ ജോലി ചെയ്യുന്നു. ജോലിയുള്ള വനിതകള്‍ കുടുംബത്തിനും, സമൂഹത്തിനും, രാഷ്‌ട്രത്തിനും വലിയ പ്രേരണയാണ് നല്‍കുന്നത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ 131 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വനിതാ തൊഴിലാളികളുടെ കാര്യത്തില്‍ ഭാരതം 11-ാമതാണ്. എന്‍എസ്എസ്ഓയും, വേള്‍ഡ് ബാങ്കും നടത്തിയ സര്‍വ്വെയിലും ഭാരതത്തില്‍ 6.9 ശതമാനം സ്ത്രീകള്‍ക്ക് വരുമാനമുള്ള ജോലിയില്ല. വിവര സാങ്കേതിക വിദ്യയില്‍ അറിവുള്ള സ്ത്രീകള്‍ 44.9 ശതമാനമാണ്.
സാമ്പത്തിക സമത്വമാണ് സ്ത്രീ സമത്വത്തിന്റെ അടിത്തറ. ഇന്ന് അവളുടെ അസ്ഥിത്വം തന്നെ അവളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. ഭാരതത്തിലെ സ്ത്രീകളുടെ ജോലിയെക്കുറിച്ചും വേതനത്തെക്കുറിച്ചും, ജോലിസമയം, തൊഴിലിട ചൂഷണങ്ങള്‍ എന്നിവ തീര്‍ച്ചയായും പഠനവിധേയമാക്കണം.
ഇന്ന് തൊഴില്‍ മേഖലയില്‍ 50 ശതമാനത്തിലധികം സ്ത്രീകളാണുള്ളത്. വര്‍ത്തമാനകാല പരിസ്ഥിതിയില്‍ സ്ത്രീകളുടെ പങ്ക് രാജ്യത്തിന്റെ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ബിഎംഎസ്. 70-ാം വര്‍ഷം ആഘോഷിക്കുന്ന ഈ സമയത്ത് സ്ത്രീശാക്തീകരണത്തിനും സമൂഹത്തിന്റെ സമൂലമായ മാറ്റ ത്തിനും വനിതകളെ കര്‍മോത്സുകരാക്കുവാന്‍ പലപരിപാടികളും നിശ്ചയിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ എല്ലാ തുറകളിലും വനിതകളുടെ സംഭാവന വലുതാണ്. ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗയെപ്പോലെയും, ഐശ്യര്യ രൂപിണിയായ മഹാലക്ഷ്മിയെപ്പോലെയും, വിദ്യാസ്വരൂപിണിയായ സരസ്വതിയെപ്പോലെയും ഒരു പോലെ നിലകൊള്ളാന്‍ സ്ത്രീക്ക് കഴിയും.
സമൂഹത്തില്‍ ഇന്ന് നടമാടുന്ന മദ്യത്തിനും, മയക്കുമരുന്നിനും, സകല അഴിമതികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുവാന്‍ സ്ത്രീക്ക് തീര്‍ച്ചയായും കഴിയണം. സ്ത്രീകള്‍ക്ക് അഭിമാനമായി മാറിയ അഹല്യാ ബായ് ഹോള്‍ക്കറെപ്പോലെയുള്ള ധീരവനിതകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. യുദ്ധഭൂമിയില്‍ ധീര പോരാട്ടങ്ങള്‍ കാഴ്ചവെച്ച ലോകമാതാ അഹല്യാ ബായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷിക വര്‍ഷമാണിത്. വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകള്‍ എന്നിവയെല്ലാം പ്രോത്സാഹിപ്പിച്ച് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച ധീരവനിത. ബിഎംഎസ് ഈ വനിതാ ദിനം അഹല്യാ ബായിയുടെ സ്മരണാര്‍ത്ഥം ആചരിക്കുന്നു. കേരളത്തിലുടനീളം ആയിരക്കണക്കിന് വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികള്‍ നടത്തും.
ഇന്നത്തെ യുവതലമുറ മദ്യലഹരിയിലും, അരാജകത്വത്തിലും, മയക്കുമരുന്നുകളിലും അഭയം പ്രാപിക്കുമ്പോള്‍ സമൂഹത്തെ രക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞ എടുത്തുകൊണ്ട് നാരീശക്തിയെ നാടിന്റെ ശക്തിയാക്കി തീര്‍ക്കുകയാണ് ബിഎംഎസിന്റെ ലക്ഷ്യം. സക്രിയ സ്ത്രീശക്തി സമൂഹ നന്മയ്‌ക്ക് എന്നതാണ് ഈ വര്‍ഷത്തെ വനിതാദിന മുദ്രാവാക്യം. രാജ്യത്തിന്റെ പുരോഗതിയില്‍ സമൂഹത്തിന്റെ നന്മയ്‌ക്കായി സക്രിയ സ്ത്രീശക്തി അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: