കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പല ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമുണ്ടെങ്കിലും പലതും പതിവ് കലാപരിപാടികളാണ്. നവകേരളത്തിനുള്ള നയരേഖ, തെറ്റുതിരുത്തല്‍ എന്നിങ്ങനെയുള്ള ക്ലീഷേകള്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനമായാലും പാര്‍ട്ടി കോണ്‍ഗ്രസായാലും യാതൊരു പഞ്ഞവുമുണ്ടാവാറില്ല. പാര്‍ട്ടി രേഖയില്‍ പറയുന്നതും നേതാക്കള്‍ പ്രാവര്‍ത്തികമാക്കുന്നതും തമ്മില്‍ വലിയ ബന്ധമൊന്നും ഒരുകാലത്തും ഉണ്ടാവാറില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് ചിന്തിക്കുന്ന വിഭാഗമല്ല സിപിഎം. അണികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പറഞ്ഞു നില്‍ക്കാനുള്ള വഴി കണ്ടെത്തുന്നതില്‍ മാത്രമാണ് പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം. കൊല്ലം സംസ്ഥാന സമ്മേളനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എങ്കിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് പറയുന്നത് കൗതുകകരമാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ സിപിഎം നിയന്ത്രണത്തിലുള്ള ഒട്ടേറെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നത്. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വന്‍തോതില്‍ വായ്പ നല്‍കിയതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ ഏറ്റുപറച്ചില്‍. ഈ അഴിമതി, അടുത്തുതന്നെ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുമത്രേ. അപ്പോള്‍ അതാണ് കാര്യം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നതാണ് ഇങ്ങനെയൊരു കുറ്റസമ്മതവുമായി സിപിഎം രംഗത്തുവരാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തോല്‍വി സംഭവിക്കാന്‍ ഇടയായതിന്റെ കാരണങ്ങളിലൊന്ന് സഹകരണ ബാങ്കുകളിലെ പാര്‍ട്ടി അഴിമതിയാണ്. സിപിഎം വോട്ടുകള്‍ നല്ലൊരു ശതമാനം ബിജെപിയിലേക്ക് ഒഴുകിപ്പോയെന്ന സംഘടനാ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇത് ശരിവയ്‌ക്കുന്നുണ്ടല്ലോ.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്ന അഴിമതി വിരോധം ഒരുതരം അടവുനയമാണെന്ന് സിപിഎമ്മിന്റെ രീതികള്‍ അറിയാവുന്നവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. അഴിമതിയും സിപിഎമ്മും തമ്മിലുള്ള ബന്ധം ചരിത്രപരവും അഭേദ്യവുമാണ്. 1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതല്‍ എല്ലാ ഇടതുപക്ഷ ഭരണത്തിലും സംഘടിതവും ആസൂത്രിതവുമായ അഴിമതികള്‍ നടന്നിട്ടുണ്ട്. ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും ഭരണകാലത്തും ഇതിന് മാറ്റമുണ്ടായില്ല. അധികാരത്തിന്റെ നിയന്ത്രണം പിണറായി വിജയന്‍ ഏറ്റെടുത്തതോടെ അഴിമതിയുടെ രീതിക്കും വ്യാപ്തിക്കും മാറ്റം സംഭവിച്ചു എന്നുമാത്രം. ഭരണമുള്ളതുകൊണ്ട് അഴിമതി നടക്കുന്നു എന്നതു മാറി, അഴിമതിക്കുവേണ്ടി ഭരിക്കുന്നു എന്ന സ്ഥിതി വന്നു.
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ അഴിമതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതതോടെ കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പ വഴിയായി സഹകരണ ബാങ്കുകളെ ഉപയോഗിച്ചു. ആര് അധികാരത്തില്‍ വന്നാലും സഹകരണ ബാങ്കുകളിലെ അഴിമതിയെ തൊടാന്‍ സിപിഎം അനുവദിച്ചിരുന്നില്ല. കരുവന്നൂരില്‍ കണ്ടതും അതാണ്. പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ പങ്കുള്ള ഈ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്.
സഹകരണ ബാങ്കുകളിലെയും അഴിമതി കേസുകളുടെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെയാണ് പല നേതാക്കളും കുടുങ്ങിയത്. ഈ നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനു പകരം ഇ ഡി അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണെന്ന് സിപിഎം പ്രചാരണം നടത്തി. ഇക്കൂട്ടരാണ് ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, പാര്‍ട്ടി നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ടെന്നും കുമ്പസാരിക്കുന്നത്! ഇതും അടവുനയമാണ്. സഹകരണ ബാങ്കുകളില്‍ അഴിമതിയുണ്ട്, പക്ഷേ പാര്‍ട്ടി അതിനൊപ്പമില്ല എന്ന തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ തട്ടിപ്പില്‍ ജനങ്ങള്‍ വീണുപോകാതിരിക്കാണ് ശ്രദ്ധ വേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കാപട്യവും വഞ്ചനയും വലുതാണെന്ന് ഈ കുമ്പസാരം തെളിയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ ഇവരെ ശിക്ഷിച്ച് അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്ന മാര്‍ഗ്ഗം മാത്രമാണ് അവശേഷിക്കുന്നത്. അതിനുള്ള ഒരു അവസരവും ജനങ്ങള്‍ പാഴാക്കില്ലെന്ന് വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: