India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

Published by

ബെംഗളൂരു: കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ പിടിയിലായ കന്നട നടി രണ്യ റാവുവിനെ മൂന്ന് ദിവസത്തേയ്‌ക്ക് ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. വിശദമായ ചോദ്യം ചെയ്യലിനായി രണ്യയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും അന്വേഷിക്കേണ്ടത് ഡിആര്‍ഐയുടെ ആവശ്യമാണെന്ന് പറഞ്ഞ കോടതി കസ്റ്റഡി അംഗീകരിക്കുകയായിരുന്നു.

അതേസമയം രണ്യയെ ചോദ്യം ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ പൊട്ടിക്കരഞ്ഞ നടി താന്‍ നിരപരാധിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി കുടുക്കിയതാണെന്നും പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആവര്‍ത്തിച്ചു. ഇപ്പോള്‍ താന്‍ വളരെയധികം ക്ഷീണിതയാണ്. വിശ്രമിച്ചതിനു ശേഷം ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം യുഎസ്, യൂറോപ്പ്, തായ്‌ലന്‍ഡ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഇവര്‍ യാത്ര നടത്തിയെന്ന് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഡിജിപി രാമചന്ദ്ര റാവുവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇവരുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരിക്കെതിരേയും അന്വേഷിക്കുന്നുണ്ട്. അതിനിടെ രണ്യയ്‌ക്ക് ഒരു രാഷ്‌ട്രീയ നേതാവുമായി ബന്ധമുള്ളതായും സൂചനകളുണ്ട്. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം വാങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക