കോഴിക്കോട്: ജീവാമൃതം നല്കി ആയിരത്തിലധികം കുഞ്ഞുങ്ങളുടെ വിശപ്പകറ്റിയ ഒരമ്മയുണ്ട് ബാലുശ്ശേരിയില്‍,പേര് രശ്മി ബിജേഷ്. കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കില്‍ 163 തവണയായി 14 ലിറ്റര്‍ മുലപ്പാലാണ് രശ്മി ദാനം ചെയ്തത്.
2023 ഒക്ടോ. 15നായിരുന്നു രശ്മി-ബിജേഷ് ദമ്പതികളുടെ രണ്ടാമത്തെ പ്രസവം. പ്രസവ ശേഷം കുട്ടി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഐസിയുവിലായി. കുഞ്ഞിന് പാല് നല്കാന് കഴിയാതായതോടെ പമ്പിങ് മെഷീന് വാങ്ങാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് കേട്ട ഒരു സ്ത്രീയാണ് മെഡി. കോളജിലെ മുലപ്പാല്‍ ബാങ്കിനെ പറ്റിരശ്മിയോട്പറയുന്നത്.തുടര്‍ന്ന് ബിജേഷ് കാര്യങ്ങളെല്ലാം അന്വേഷിച്ച് പാല് ദാനം ചെയ്യാന്‍ തയാറാവുകയായിരുന്നു. ‘കുഞ്ഞു കരയുന്നു, പാല് തരൂ…’മുലപ്പാല്‍ ബാങ്കിന് മുമ്പിലെ അമ്മമാരുടെ കരച്ചിലും അവിടെ പാല് വാങ്ങാനുള്ളവരുടെ നീണ്ട വരിയും വേദനിപ്പിക്കുന്ന ഓര്‍മകളാണെന്ന് രശ്മി പറയുന്നു. ഒരു ദിവസം ഏഴു പ്രാവശ്യം വരെ പാല് നല്‍കിയിട്ടുണ്ടെന്ന് രശ്മി. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളും സര്‍ജറിയുമായി മാനസികമായി തളര്‍ന്ന രശ്മിക്ക് വലിയ ആശ്വാസമായിരുന്നു ഇത്.
പ്രസവിച്ച് നാല് ദിവസം കഴിഞ്ഞ് സര്‍ജറിക്ക് ശേഷമാണ് തന്റെ കുഞ്ഞിന് പാല് നല്‍കിയത്. അപ്പോഴും ഒന്നോ രണ്ടോ മില്ലിലിറ്റര്‍ മാത്രമാണ് കുഞ്ഞിന് നല്കാന് സാധിച്ചിരുന്നത്. ബാക്കി വരുന്ന പാല് മുലപ്പാല്‍ ബാങ്കില്‍ തന്നെ നല്‍കിയിരുന്നു. നമ്മുടെ കുഞ്ഞിന് നല്കാന് കഴിയുന്നില്ലെങ്കില്‍ അത് മറ്റൊരു കുഞ്ഞിന് നല്‍കുന്നതിലും വലിയ പുണ്യപ്രവൃത്തി വേറെയില്ലെന്ന് അവര്‍ പറയുന്നു. കുട്ടിയുടെ സര്‍ജറിയും മറ്റുമായി ഒരു മാസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ആശുപത്രി വിട്ടുപോകുമ്പോള്‍ ‘നിങ്ങള്‍ പോകല്ലേ ചേച്ചീ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പട്ടിണിയാകുമെന്ന്’ പറഞ്ഞവരുണ്ടെന്ന് രശ്മി ഓര്‍ത്തു. അതിന് ശേഷവും കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയ അവസരങ്ങളിലെല്ലാം പാല് ദാനം ചെയ്തിരുന്നു.
വീട്ടില്‍ പോയാല്‍ പാലുണ്ടാകില്ല, അത് വറ്റിപ്പോകുമെന്നെല്ലാം പറഞ്ഞ് പാല് ദാനം ചെയ്യാന്‍ വന്നവരെ ബന്ധുക്കള്‍ വിളിച്ചുകൊണ്ടുപോകുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട്. അവരോടെല്ലാം പറയാനുള്ളത് ഒരു തവണയെങ്കിലും കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് ഒന്നോ രണ്ടോ കുട്ടിയുടെ വിശപ്പകറ്റുമെന്നാണ്. ഒരു കുഞ്ഞിന് നമ്മിലൂടെ നല്ല ആരോഗ്യം കിട്ടിയാല്‍ അതിലും വലിയ പുണ്യമില്ല. എന്റെ കുട്ടിയെ തിരിച്ചുകിട്ടില്ലെന്ന് പറഞ്ഞിടത്ത് പോലും എല്ലാ അമ്മമാരുടെയും പ്രാര്‍ത്ഥനയുണ്ടായി. രണ്ടാമത്തെ സര്‍ജറിയില്‍ അവളെ ആരോഗ്യത്തോടെ തങ്ങള്‍ക്ക് കിട്ടിയെന്നും രശ്മി പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുലപ്പാല്‍ ദാനം ചെയ്ത അമ്മയെന്ന ഇന്ത്യ ബൂക്ക് ഓഫ് റിക്കാര്‍ഡും രശ്മിക്ക് ലഭിച്ചു. കോഴിക്കോട്, പനങ്ങാട് വനിതാ സഹ. സൊസൈറ്റിയില്‍ സെക്രട്ടറിയാണ് രശ്മി. ഭര്‍ത്താവ് ബിജേഷ് ഇന്റീരിയര്‍ ഡിസൈനറാണ്. മക്കള്‍: എയ്ഞ്ചല്‍, അയ്റിന് ഹൈസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: