Kerala

ജന്മഭൂമിക്കെതിരെ വ്യാജ വാര്‍ത്ത: രണ്ട് പേര്‍ക്ക് സമന്‍സ്

Published by

കൊച്ചി: ജന്മഭൂമിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ യൂ ട്യൂബ് ചാനല്‍ ഭാരത് ലൈവിന്റെ ഡയറക്ടറും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ശ്രീലാ പിള്ള, ന്യൂസ് റീഡറും ആങ്കറുമായ ഗോപകുമാര്‍ എന്നിവര്‍ക്ക് മാനനഷ്ടക്കേസില്‍ സമന്‍സ്. അഡ്വ.വി. സജിത് കുമാര്‍ മുഖേന നല്‍കിയ അപകീര്‍ത്തിക്കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ മെയ് രണ്ടിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ 14 ലക്ഷം രൂപയ്‌ക്ക് വിറ്റുവെന്നും ജന്മഭൂമിയുടെ ചുമതലക്കാരില്‍ ഉന്നതരായ മൂന്നുപേരാണ് ഇടപാടുകള്‍ക്ക് പിന്നിലെന്നും വേണ്ടിവന്നാല്‍ ഇവര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെപ്പോലും വില്‍ക്കുമെന്നുമാണ് യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

അസത്യങ്ങളും അബദ്ധങ്ങളും നിറഞ്ഞ വാര്‍ത്ത തങ്ങള്‍ക്കും ജന്മഭൂമിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ദിവസത്തിനകം ഇതിനു നിരുപാധികം മാപ്പു പറയണമെന്നാവശ്യപ്പെട്ട് ജന്മഭൂമി, രണ്ടു പേര്‍ക്കും നോട്ടീസ് അയച്ചുവെങ്കിലും കൈപ്പറ്റിയില്ല. അതിനാലാണ് നിയമനടപടികളിലേക്ക് നീങ്ങുന്നതെന്നും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ക്കു നിയമാനുസൃതമായ ജയില്‍ ശിക്ഷയും പിഴയും നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by