ന്യൂദല്‍ഹി: ദേശീയ സഹകരണ നയം 2025 ന്റെ കരട് തയാറായതായി സഹകരണ മന്ത്രാലയം. സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സഹകരണത്തിലൂടെ സമൃദ്ധി എന്ന ദര്‍ശനം യാഥാര്‍ത്ഥ്യമാക്കി വിപുലമായ കൂടിയാലോചനകള്‍ നടത്തിയാണ് കരട് തയാറാക്കിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്കി ഗ്രാമീണ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സഹകരണ മേഖലയുടെ വ്യവസ്ഥാപിതവും സമഗ്രവുമായ വികസനം സുഗമമാക്കുക എന്നതാണ് ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യം. സഹകരണാധിഷ്ഠിത സാമ്പത്തിക മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരവും സ്ഥാപനപരവുമായ ശക്തമായൊരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും നയം ലക്ഷ്യമിടുന്നു.
സഹകരണ സ്ഥാപനങ്ങളുടെ താഴെത്തട്ടിലുള്ള സ്വാധീനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹകരണ മേഖലയുടെ സംഭാവന ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും നയം ലക്ഷ്യമിടുന്നതായും യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വര്‍ഷത്തെ സഹകരണ മന്ത്രാലയത്തിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ചും വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
സഹകരണ മേഖലയുടെ വികസനത്തിന് ആഗോള സഹകരണ സംഘടനകളുമായുള്ള പങ്കാളിത്തത്തിന്റെ ആവശ്യകത പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സംഘടനകള്‍ വഴി ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കയറ്റുമതി വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ വഴി മണ്ണ് പരിശോധനാ മാതൃക വികസിപ്പിക്കാനും നിര്‍ദ്ദേശിച്ചു. സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് യുപിഐ റുപേ, കെസിസി കാര്‍ഡുകളുമായി സംയോജിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പാക്കല്‍, സഹകരണ കൃഷിയുടെ പ്രോത്സാഹനം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം, സഹകരണ കോഴ്സുകള്‍ ആരംഭിക്കല്‍ എന്നിയ്ക്കുള്ള നടപടികളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ സഹകരണ ഡാറ്റാബേസ്, സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ശക്തിപ്പെടുത്തല്‍, വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും അവയുടെ സുപ്രധാന പങ്കിനെക്കുറിച്ചും യോഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുപ്പതിലധികം മേഖലകളിലായി 8.2 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളും 30 കോടിയിലധികം അംഗങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യത്തെ സഹകരണമേഖലയെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ, സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാര്‍ ഭൂട്ടാനി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. പി.കെ. മിശ്ര, ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖാരെ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: