ന്യൂദല്‍ഹി: റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്കി 2030 ആകുമ്പോഴേക്കും അപകടനിരക്ക് 50 ശതമാനം കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ആസൂത്രണത്തിലെയും രൂപകല്‍പ്പനയിലെയും കുറവുകളും വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളിലെ ചെറിയ പിഴവുകളും റോഡ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വിദിന ഗ്ലോബല്‍ റോഡ് ഇന്‍ഫ്രാടെക് സമ്മിറ്റ് ആന്‍ഡ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല റോഡപകടങ്ങള്‍ക്കും കാരണം ഡിസൈന്‍, നിര്‍മ്മാണം, മാനേജ്മെന്റ് എന്നിവയിലെ മോശം സിവില്‍ എഞ്ചിനീയറിംഗ് രീതികളും തെറ്റായ അടയാളപ്പെടുത്തല്‍ സംവിധാനങ്ങളുമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2023ല്‍ ഭാരതത്തില്‍ 4,80,000 റോഡപകടങ്ങളുണ്ടായി. 1,80,000 പേര് മരണപ്പെട്ടു. ഏകദേശം 4,00,000 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ടവരില്‍ 1,40,000 പേര് 18-45 വയസ്സിനിടയിലുള്ളവരാണ്. ഇതില്‍ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചും സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: