ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ ജ്യൂസ് കുടിച്ച മുഹമ്മദ് ഷമിക്കെതിരെ മുസ്ലിം പണ്ഡിതന്‍ നടത്തിയ ഭീഷണി തള്ളി ഷമിയുടെ കുടുംബവും കോച്ചും രംഗത്ത്. നാണംകെട്ട പ്രവൃത്തിയാണ് മൗലാന നടത്തിയതെന്നും രാജ്യത്തിനായാണ് ഷമി കളിക്കുന്നതെന്നും ഷമിയുടെ സഹോദരന്‍ മുഹമ്മദ് മുംതാസ് രംഗത്തെത്തി. നിരവധി പാക്കിസ്ഥാന്‍ കളിക്കാര്‍ നോമ്പെടുക്കാതെ കളിച്ചിരുന്നതായും ക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ പുതുമയില്ലെന്നും മുഹമ്മദ് പറയുന്നു. ഷമി ഇത്തരം ഭീഷണികളൊന്നും തന്നെ മുഖവിലയ്‌ക്കെടുക്കാത്ത ആളാണെന്നും മാര്‍ച്ച് 9ന്റെ ഫൈനല്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഷമിയെന്നും സഹോദരന്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ ഷമിക്കൊപ്പമാണെന്നും മൗലാനയുടെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും ഷമിയുടെ കോച്ച് മുഹമ്മദ് ബദറുദ്ദീനും പ്രതികരിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി രാജ്യത്തെ കാണാന്‍ മൗലാന തയ്യാറാവണം. രാജ്യത്തിന് മുന്നില്‍ മറ്റൊന്നും തന്നെയില്ല, ബദറുദ്ദീന്‍ പറഞ്ഞു.
യുഎഇയിലെ കൊടുംചൂടില്‍ നാലുകളികളില്‍ നിന്നായി എട്ടു വിക്കറ്റുകളാണ് മുഹമ്മദ് ഷമി എടുത്തത്. നിര്‍ണ്ണായകമായ ഭാരതം- ആസ്‌ത്രേലിയ സെമി മത്സരത്തില്‍ മൂന്നു വിക്കറ്റുകളും ഷമി നേടിയിരുന്നു. കളിക്കിടെ ക്ഷീണിതനായ ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മുസ്ലിം മൗലാന ഭീഷണിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക