ലണ്ടൻ: ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖലിസ്ഥാൻ ഭീകരർ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആക്രമണ ശ്രമം വിഫലമാക്കുകയായിരുന്നു. ലണ്ടൻ പോലീസ് നോക്കി നിൽക്കവെയാണ് ജയശങ്കറിനു നേരെ ആക്രമണ ശ്രമമുണ്ടായത്.
കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഭീകരർ പാഞ്ഞടുക്കുകയായിരുന്നു. ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാൻ ഭീകരരാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയപ്പോൾ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞടുക്കുകയായിരുന്നു. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്‌ക്കാനാണു പോലീസ് ശ്രമിച്ചതെന്ന് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചു. സംഭവത്തെ ഇന്ത്യ അപലപിച്ചു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ.
ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം. യുകെയിൽനിന്നു അദ്ദേഹം അയർലൻഡിലേക്കു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: