ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്സിന്റെയും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്സിന്റെയും വിവാഹഫോട്ടോ വൈറല്‍. നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലുയം അണിഞ്ഞാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വരന്റെ വേഷത്തില്‍ നില്‍ക്കുന്നത്. ഭാര്യ ഉഷ വാന്‍സിനും നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലയുമുണ്ട്.
ക്രീം നിറമുള്ള ഷെര്‍വാണിയാണ് ജെ.ഡി. വാന്‍സ് ധരിച്ചിരിക്കുന്നത്. വെള്ളയും സ്വര്‍ണ്ണവും നിറമുള്ള സാരിയാണ് ഉഷ വാന്‍സിന്റെ വിവാഹവേഷം. ഈ വിവാഹഫോട്ടോ വൈറലായത് ഒരു ട്രോളെന്ന നിലയിലാണ്. പക്ഷെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ജെ.ഡി. വാന്‍സിന്റെ ഈ വിവാഹഫോട്ടോ ഏറ്റെടുക്കുകയായിരുന്നു.
‘ഹില്‍ബില്ലി എലിജി’ (Hillbilly Elegy) എന്ന പുസ്തകം ജെ.ഡി.വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പുകളാണ്. മയക്കമരുന്നിന് അടിമയായ യുവാക്കള്‍ ജീവിക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും വീടിന്റെ സഹായത്തോടെ പിന്നെ കാമുകിയും ഭാര്യയുമായ ഇന്ത്യക്കാരി ഉഷവാന്‍സിന്റെ സഹായത്തോടെ കരകയറിയ വ്യക്തിയാണ് ജെ.ഡി. വാന്‍സ്. അദ്ദേഹം ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിലെ വൈസ് പ്രസിഡന്‍റ് വരെ ആയി മാറി. നശിക്കുമായിരുന്ന തന്റെ ജീവിതം എങ്ങിനെയാണ് കുടുംബത്തിന്റെ പിന്തുണയോടെ കരകയറിയത് എന്നാണ് ജെ.ഡി.വാന്‍സ് ഈ ചരമഗീതത്തിലൂടെ പറയുന്നത്. ഈ പുസ്തകം അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായതോടെയാണ് ജെ.ഡി. വാന്‍സ് പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്. അതിന് പിന്നില്‍ ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെ കരങ്ങളുണ്ട്.
വിവാഹഫോട്ടോ വൈറലാകാന്‍ കാരണം വാന്‍സിന്റെ സെലന്‍സ്കിയ്‌ക്കെതിരായ വിമര്‍ശനം
ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയ്‌ക്ക് എതിരെ ജെ.ഡി.വാന്‍സ് നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ ജെ.ഡി.വാന്‍സിന്റെ ഫോട്ടോ വൈറലാകാന്‍ കാരണമായത്. യുഎസ് പ്രസിഡന്‍റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം പട്ടാളവേഷത്തില്‍ എത്തിയ സെലന്‍സ്കിയെ ട്രംപിനൊപ്പം ജെ.ഡി.വാന്‍സും വിമര്‍ശിച്ചിരുന്നു. അവിടെവെച്ച് ഒരു ജേണലിസ്റ്റ് ചോദിച്ച ചോദ്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. എന്തുകൊണ്ടാണ് താങ്കള്‍ വൈറ്റ് ഹൗസില്‍ പട്ടാളവേഷം ധരിച്ച് എത്തിയത്, ഇവിടെ കോട്ടും സ്യൂട്ടും ധരിച്ചല്ലേ വരേണ്ടത് എന്നതായിരുന്നു പത്രപ്രവര്‍ത്തകന്റെ സെലന്‍സ്കിയോടുള്ള ചോദ്യം. ഇത് കേട്ട് ട്രംപും ജെ.ഡി. വാന്‍സും സെലന്‍സ്കിയെ കളിയാക്കി ഉറക്കെ പൊട്ടിച്ചിരിച്ചു. ഇതോടെയാണ് സെലന്‍സ്കിയും ട്രംപും തമ്മിലുള്ള മീറ്റിങ്ങ് താളം തെറ്റാന്‍ തുടങ്ങിയത്. ഒടുവില്‍ അത് സെലന്‍സ്കിയുടെ ഇറങ്ങിപ്പോക്കില്‍ കലാശിക്കുകയും ചെയ്തു.
ഇതോടെയാണ് ഉഷാ വാന്‍സിനൊപ്പം കോട്ടും സ്യൂട്ടും ധരിക്കാതെയുള്ള ജെ.ഡി. വാന്‍സിന്റെ ചിത്രം അദ്ദേഹത്തെ പരിഹസിക്കാനായി ചിലര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അതോടെയാണ് ഇത് ജെ.ഡി. വാന്‍സ് വൈറ്റ് ഹൗസിലല്ല, ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയില്‍ നില്‍ക്കുകയാണ് എന്ന് ചിലര്‍ വിശദീകരണവുമായി എത്തിയത്. ഇന്ത്യന്‍ സംസ്കാരത്തെ മാനിച്ചുകൊണ്ടുള്ള ജെ.ഡി. വാന്‍സിന്റെ ഈ വിവാഹഫോട്ടൊ ഇന്ത്യക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക