News

ചരിത്രനേട്ടം സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം

Published by

വിഴിഞ്ഞം : ചരിത്രനേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്‌ട്രാ തുറമുഖം. ഇന്ത്യയിലെ തെക്ക് കിഴക്കന്‍ മേഖലയിലെ 15 തുറമുഖങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഫെബ്രുവരി മാസത്തില്‍ 40 ചരക്ക് കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തതാണ് ഈ നേട്ടം കൈവരിച്ചത്.

ട്രയല്‍ റണ്‍ തുടങ്ങി 8 മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി 3 മാസവും പിന്നിടുമ്പോഴാണ് ഈ നേട്ടം. ഇതോടെ ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചതായി അധികൃതര്‍ പറഞ്ഞു. എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ ആധിപത്യം തുടരുന്ന തരത്തിലാണ് നിലവിലെ കപ്പലുകളുടെ വരവ്.

വന്‍കിട കപ്പലുകള്‍ രണ്ടും, ചെറുകിട കപ്പലുകള്‍ മൂന്നെണ്ണം വീതവും ഒരേസമയം തുറമുഖത്തിനുള്ളില്‍ എത്തിച്ച് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും വിഴിഞ്ഞത്തിന് കൈവന്നു. ഈ മാസവും അന്‍പതോളം കപ്പലുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മാറുമെന്നും കേരളത്തിന്റെ വികസനത്തിന് വിഴിഞ്ഞം തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നാണ് അധികൃതര്‍ വിലയിരുന്നത്

അതേസമയം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ എന്‍എച്ച് 66 മായി ബന്ധിപ്പിക്കുന്ന 1.7 കി.മീ. റോഡിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന 10.7 കി.മീ. റെയില്‍പാത നിര്‍മാണത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. ഇതില്‍ 9.43 കി.മീ. തുരങ്കപാതയാണ്. റെയില്‍പാത നിര്‍മാണത്തിനുള്ള പാരിസ്ഥിതികാനുമതി 2024 ജൂലൈ 17ന് കേന്ദ്രപാരിസ്ഥിതിക വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ധാരണാപത്രപ്രകാരം കൊങ്കന്‍ റെയില്‍വേയ്‌ക്കാണ് നിര്‍മാണ ചുമതല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by