തിരുവനന്തപുരത്ത് അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കണ്ണൂരില്‍ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയപ്പോള്‍ ഇങ്ങനെ ചെയ്യാതിരുന്നതെന്ന കോടതിയുടെ വിമര്‍ശനം നീതിബോധമില്ലാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ്. മാസംതോറും നല്കുന്ന ഓണറേറിയം വര്‍ധിപ്പിക്കണമെന്നും, വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പന്തല്‍ പെരുമഴയത്ത് പോലീസ് പൊളിച്ചു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയും, സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതാക്കള്‍ ആശാവര്‍ക്കര്‍മാരെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നതിനിടയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സമരപ്പന്തലും പൊളിച്ചു നീക്കിയത്. പൊതുപ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊരുത്തമില്ലാത്ത സമീപനത്തെ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങുന്ന ബെഞ്ചാണ് ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഭരണകക്ഷിയായ സിപിഎം പൊതുവഴി അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം നടത്തിയത് വലിയ വിവാദമാവുകയുണ്ടായി. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മണിക്കൂറുകളോളം യാത്രാ തടസ്സം നേരിട്ടു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുപോലും വഴിയില്‍ കുടുങ്ങി. ഇങ്ങനെയൊരു നിയമലംഘനത്തിന് കൂട്ടുനിന്ന പോലീസ് സ്റ്റേജ് പൊളിച്ചു നീക്കാനോ സമരം തടസ്സപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ പരാതിയെ തുടര്‍ന്ന് കേസ് കോടതിയില്‍ എത്തുകയും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ഹാജരാവുകയും ചെയ്യേണ്ടിവന്നു. കോടതിയുടെ ഭാഗത്തുനിന്ന് നിശിതമായ വിമര്‍ശനം ഉണ്ടായതിനാലാണ് നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ തന്നെ തയ്യാറായത്. ഇതിന്റെ തനിയാവര്‍ത്തനമാണ് കണ്ണൂരില്‍ കണ്ടത്. രാവിലെ മുതല്‍ വൈകിട്ട് വരെ റോഡ് ഉപരോധിച്ചാണ് സിപിഎം അവിടെ കേന്ദ്ര വിരുദ്ധ സമരം നടത്തിയത്. പോലീസ് ഇതിന് അനുമതി നിഷേധിച്ചില്ലെന്ന് മാത്രമല്ല, സമ്മേളനം നടന്ന സമയമത്രയും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. ഇതിനെതിരെയും പരാതിയുണ്ടാവുകയും കേസെടുത്തിരിക്കുകയുമാണ്.
സമരം ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമുള്ളതെന്നാണ് സിപിഎമ്മും സിഐടിയുമൊക്കെ കരുതുന്നത്. പിണറായി സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിന് ഏറ്റവും ആവശ്യമായ ഒരു വിഭാഗമാണ് ആശാവര്‍ക്കര്‍മാര്‍. കിടപ്പ് രോഗികളെയും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരെയും സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സേവനം ആര്‍ക്കും അവഗണിക്കാനാവില്ല. പക്ഷേ പിണറായി സര്‍ക്കാരിനുമാത്രം ഇത് ബോധ്യപ്പെടുന്നില്ല. തിരുവനന്തപുരത്ത് ആഴ്ചകളായി സമരം ചെയ്യുന്ന ഇവര്‍ സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൂറ്റന്‍ നിയമസഭാ മാര്‍ച്ച് വരെ സംഘടിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു പോയിട്ട് സമരക്കാരുമായി മാന്യമായ ചര്‍ച്ചകള്‍ക്കു പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതിനു പകരം അധിക്ഷേപിക്കുന്നതില്‍ ഹരംകൊള്ളുകയാണ് സിപിഎം-സിഐടിയു നേതാക്കള്‍. ഇതിനിടെയാണ് സമരപ്പന്തല്‍ തന്നെ പൊളിച്ചു നീക്കി ദ്രോഹിച്ചത്.
വലുതും ചെറുതുമായ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് പിണറായി വിജയന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. അധികാരത്തിലുള്ളവര്‍ക്ക് നിയമം അനുസരിക്കാനുള്ള ബാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലുണ്ട്. പക്ഷേ അങ്ങനെയൊന്ന് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതിനെതിരായ കോടതിയുടെ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. നീതിപീഠങ്ങളോടും നിയമലംഘനം എന്നതാണ് നയം. കോടതിക്ക് തോന്നുന്നത് കോടതി പറയും, ഞങ്ങള്‍ ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യുമെന്ന സമീപനമാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അധികാരത്തിന്റെ ബലത്തില്‍ കോടതിയെയും കൈകാര്യം ചെയ്യാമെന്ന അഹങ്കാരമാണ് മന്ത്രിമാര്‍ക്കുള്ളത്. വലിയ അരാജകത്വമാണ് സമൂഹത്തില്‍ ഇത് സൃഷ്ടിക്കുക. ജനങ്ങള്‍ നിസ്സഹായരാണ്. ഇതിനെതിരെ നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: