India

ഭഗവന്ത് മാൻ തീർത്തും പരാജയം! പഞ്ചാബ് ജയിലിൽ നിന്നുള്ള മയക്കുമരുന്ന് റാക്കറ്റിന് പാകിസ്ഥാൻ ബന്ധം; ഉദ്യോഗസ്ഥരും പ്രതികൾ; സർക്കാരിനെ ശാസിച്ച് ഹൈക്കോടതി

ജയിൽ ഭരണകൂടം മാത്രമല്ല ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിരിക്കാമെന്നതിനാൽ കുറച്ച് തടവുകാർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് പ്രശ്നം പരിഹരിക്കില്ലെന്ന് കോടതി വ്യക്തമാക്കി

Published by

ചണ്ഡീഗഡ് : പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിന് മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാനാവുന്നില്ല. സംസ്ഥാനത്തെ ജയിലുകളിൽ വരെ മയക്കുമരുന്ന് മാഫിയകളുടെ തേരോട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്‌ട്ര കള്ളക്കടത്തുകാരുമായി ബന്ധമുള്ള അമൃത്സർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ വഴി മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് ഒരു വലിയ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഈ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിക്കുകയും പഞ്ചാബ് സർക്കാരിനെ ശാസിക്കുകയും ചെയ്തു.

കർശനമായ നടപടികൾ സ്വീകരിച്ചിട്ടും ജയിലിൽ നിന്ന് ഈ നിയമവിരുദ്ധ ബിസിനസ്സ് നിർത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജയിൽ ഭരണകൂടം മാത്രമല്ല ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിരിക്കാമെന്നതിനാൽ കുറച്ച് തടവുകാർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് പ്രശ്നം പരിഹരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മൂന്ന് മയക്കുമരുന്ന് കള്ളക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കള്ളക്കടത്തിന് അമൃത്സർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ട ഇവരുടെ കൂട്ടാളികളിൽ ഒരാൾ മൊബൈൽ ഫോൺ വഴി അവിടെ നിന്ന് മുഴുവൻ റാക്കറ്റും പ്രവർത്തിപ്പിച്ചിരുന്നതായി വെളിപ്പെട്ടു. പോലീസ് ജയിൽ റെയ്ഡ് ചെയ്ത് ഇയാളുടെ ഫോൺ പിടിച്ചെടുത്തപ്പോൾ പാകിസ്ഥാനിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരുമായി അയാൾക്ക് ബന്ധമുണ്ടെന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.

കോടതിയുടെ കർശന നിലപാടിന് ശേഷം ഈ കേസിലെ പ്രതികളുമായി ബന്ധമുള്ള ജയിൽ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ ആവശ്യപ്പെട്ട് പഞ്ചാബിലെ ജയിൽ വകുപ്പിലെ എഡിജിപിക്ക് മൊഹാലിയിലെ മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഒരു കത്തെഴുതിയിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്‌ക്കുള്ളിൽ ഈ കേസിൽ ഒരു അനുബന്ധ റിപ്പോർട്ട് ഫയൽ ചെയ്യുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു.

സർക്കാരിന്റെ ഈ മറുപടിയിൽ ഈ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് ഏപ്രിൽ 25 ന് കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ജയിലുകളിൽ മൊബൈൽ ഫോണുകളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് കേസുകൾ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ നടപടിയെടുക്കാത്തതെന്ന് ജസ്റ്റിസ് എൻ.എസ്. ശെഖാവത് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരിനെ കോടതി ശാസിക്കുകയും ചെയ്തു. മയക്കുമരുന്ന് രംഗത്ത് ഭഗവന്ത് മാൻ സർക്കാർ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by