Kerala

കിസാന്‍ സമ്മാന്‍ നിധിയെ താളം തെറ്റിക്കുന്നു; കൈമലര്‍ത്തി തപാല്‍ വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്നു, കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

Published by

തിരുവനന്തപുരം: കര്‍ഷകള്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി വിതരണത്തില്‍ തപാല്‍ വകുപ്പ് ബോധപൂര്‍വം താളം തെറ്റിക്കുന്നു. പോസ്റ്റ് ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും പണം കിട്ടാതെ പോസ്‌റ്റോഫീസ് വഴി പണം കൈപ്പറ്റുന്ന ഉപയോക്താക്കള്‍. കത്തിടപാടുകള്‍ അവസാനിച്ച് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ തപാല്‍ വകുപ്പിനെ ആകര്‍ഷണീയമായ വിവിധ പദ്ധതികളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് കൈപിടിച്ചുയര്‍ത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീഷണമാണ്.

ഒരു ബാങ്ക് എന്ന നിലയിലാണ് തപാല്‍ വകുപ്പ് ഇന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. തിരുവനന്തപുരം സൗത്ത് ഡിവിഷനു കീഴില്‍ പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ ആവശ്യത്തിന് ഇന്‍ഡ്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് (ഐപിപിബി) സംവിധാനമില്ലാത്തതാണ് കിസാന്‍ സമ്മാന്‍ നിധിയുള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാന്‍ കാരണം. പോസ്റ്റല്‍ ഹേഡ്ക്വാര്‍ട്ടേസിന്റെ സൗത്ത് ഡിവിഷന് കീഴില്‍ 250ല്‍ ഏറെ സബ് പോസ്‌റ്റോഫീസുകളാണുള്ളത്. ഇവിടങ്ങളില്‍ ഒന്നോ രണ്ടോ പോസ്റ്റ്മാന്‍മാര്‍ ആണുണ്ടാവുക, മിക്ക പോസ്‌റ്റോഫീസുകളിലും ഇവര്‍ക്ക് മാത്രമാണ് ഐപിപിബി ഐഡി ലഭ്യമാക്കിയിട്ടുള്ളത്. ഇവര്‍ ജോലിയുടെ ഭാഗമായി പുറത്തേക്കിറങ്ങിയാല്‍ ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്കോ, ക്ലറിക്കല്‍ ജീവനക്കാര്‍ക്കോ സാമ്പത്തിക ഇടപാട് നടത്താന്‍ കഴിയില്ല. ഇതാണ് ജനങ്ങളെ വലക്കുന്നത്.

പോസ്റ്റ് മാസ്റ്റര്‍മാര്‍ക്കും, ഗ്രാമീണ്‍ ദാക് സേവക് (ജിഡിഎസ്) മാര്‍ക്കും കൂടി ഐപിപിബി ഐഡി ലഭ്യമാക്കിയാല്‍ ഇടപാടുകള്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകും. ഐഡി ലഭിച്ചിട്ടുള്ള പോസ്റ്റുമാന്‍മാര്‍ക്ക് അധികജോലിഭാരം വഹിക്കേണ്ട നിലയാണുള്ളത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാന്‍ വകുപ്പ് പറയുന്നതായും ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. സ്വകാര്യ വിവരങ്ങളുള്ള ഫോണ്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഉപയോഗിക്കാനും ഇവര്‍ മടിക്കുന്നു.

ജിഡിഎസുമാരുടെ ശമ്പളം ആധുനിക സംവിധാനമുള്ള ഒരു ഫോണ്‍ പോസ്റ്റല്‍ സേവനത്തിനായി വാങ്ങാന്‍ തികയില്ല എന്ന ആരോപണവുമുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ ഐപിപിബി ഐഡി ഉള്ള പോസ്റ്റല്‍ അസ്സിസ്റ്റന്റുമാരെ നിയോഗിക്കണം എന്നാണ് ഉയരുന്ന ആവശ്യം, ഇതിലൂടെ പൊതുജനങ്ങളുടെ ഇടപാടുകള്‍ എളുപ്പത്തിലാക്കാനാവും. പോസ്റ്റല്‍ വകുപ്പ് സൗത്ത് ഡിവിഷനുകീഴില്‍ മാത്രമാണ് നിലവില്‍ പരാതികളുയരുന്നത്.

ഹരി പെരുങ്കടവിള

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by