കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയുടെ അച്ഛന് ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷ് ഉള്‍പ്പെടെയുള്ള സിപിഎം ക്രിമിനല്‍ സംഘവുമായി ബന്ധം. പ്രധാന പ്രതിയുടെ അച്ഛന് ടി.കെ. രജീഷിനൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നു. ക്വട്ടേഷന്‍ കേസുകളിലും സ്വര്‍ണക്കടത്ത് കേസുകളിലും പ്രതിയാണ് ഇയാള്‍. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.
കൊലപാതകം ആസൂത്രിതമാണെന്നും പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരാണെന്നും ഷഹബാസിന്റെ അച്ഛന് ഇഖ്ബാല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആക്രമണ സമയത്ത് ടി.കെ. രജീഷുമായി ബന്ധമുള്ള വ്യക്തി സംഭവസ്ഥലത്തുണ്ടായിരുന്നെന്നും ഷഹബാസിനെ ആക്രമിച്ചവരില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മുതിര്‍ന്നവരുമുണ്ടായിരുന്നു എന്നും ഇഖ്ബാല്‍ പറഞ്ഞു. നാല്പതോളം പേര് ഉള്‍പ്പെട്ട സംഘമാണ് ഷഹബാസിനെ ആക്രമിച്ചത്. ഇവരില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കൊലക്കുറ്റം ആരോപിച്ച് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന് മുന്നില്‍ ഹാജരാക്കിയത്. പതിനഞ്ച് പേര്‍ക്കെതിരെ ക്കൂടി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെ ഞായറാഴ്ച വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ എത്തിച്ചിരുന്നു. ഇന്ന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷയോടെയായിരിക്കും ഇവര്‍ പരീക്ഷയെഴുതുന്നത്. ഷഹബാസിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
അതിനിടെ പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. പ്രധാനപ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെടുത്തത്. സോഷ്യല്‍ മീഡിയയെ കൊലപാതക ആസൂത്രണത്തിന് ഉപയോഗിച്ചു എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചതായാണ് വിവരം. പ്രദേശത്തെ വീടുകളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയാണ് മരണമെന്നും നഞ്ചക്ക് പോലെയുള്ള ആയുധം കൊണ്ട് ശക്തമായ ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. സംഘര്‍ഷമുണ്ടായ ട്യൂഷന് സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: