സുഗന്ധഗിരി (കല്പ്പറ്റ): സുഗന്ധഗിരി വനത്തില് നിന്ന് ബ്രിട്ടീഷ് കാലഘട്ടത്തില് ഉപയോഗിച്ചിരുന്ന സ്വര്ണഖനന സാമഗ്രികള് കടത്താന് ശ്രമിച്ച നാലുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര് പിടികൂടി.
മാനന്തവാടി സ്വദേശികളായ ഷാജി (39), സുനില് (51), ഷിബു (51), ഏലിയാസ് (50) എന്നിവരാണ് പിടിയിലായത്. ചരിത്രപ്രാധാന്യമുള്ള ഉരുക്ക് വസ്തുക്കളാണ് ഇവര് കടത്താന് ശ്രമിച്ചത്. സുഗന്ധഗിരിയില് ബ്രിട്ടീഷ് ഭരണകാലത്ത് സ്വര്ണഖനനം നടന്നിരുന്നു. അക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിരവധി വസ്തുക്കള് ഇപ്പോഴും കാടിനുള്ളില് അവശേഷിക്കുന്നുണ്ട്. ഇവയില് പലതും വിലപിടിപ്പുള്ള ഉരുക്കുവസ്തുക്കളാണ്. ഇന്നലെ അര്ധരാത്രി ട്രാക്ടറും ജീപ്പുമായി എത്തിയ സംഘം ഇവയില് പലതും ഇവിടെ നിന്ന് ഇളക്കിയെടുത്ത് കടത്താനുള്ള ശ്രമമായിരുന്നു. ഇതിനിടയിലാണ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര് ഇവരെ പിടികൂടിയത്. പ്രതികളെ വൈത്തിരി പോലീസ് സ്റ്റേഷന് കൈമാറി വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: