സുപ്രീംകോടതിയില്‍ ബിരുദക്കാര്‍ക്ക് ജൂനിയര്‍ കോര്‍ട്ട്/അസിസ്റ്റന്റാവാം. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയാണിത്. 241 ഒഴിവുകളുണ്ട്. 35400 രൂപയാണ് അടിസ്ഥാന ശമ്പളം. വീട്ടുവാടകബത്ത അടക്കം പ്രതിമാസം ഏകദേശം 72,040 രൂപ ശമ്പളം ലഭിക്കും. ഭാരത പൗരന്മാര്‍ക്കാണ് അവസരം.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ഇംഗ്ലീഷ് ടൈപ്പിംഗില്‍ (കമ്പ്യൂട്ടറില്‍) മിനിട്ടില്‍ 35 വാക്കില്‍ കുറയാതെ വേഗതയും കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-30 വയസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍/സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.sci.gov.in/recruitment ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/ഭിന്നശേഷിക്കാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. യൂക്കോ ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. മാര്‍ച്ച് 8 രാത്രി 11.55 മണി വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്‍: ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റ്, കമ്പ്യൂട്ടര്‍ നോളഡ്ജ് ടെസ്റ്റ് (ടൈപ്പിംഗ് സ്പീഡ് ടെസ്റ്റ്), ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ ജനറല്‍ ഇംഗ്ലീഷ് (കോംപ്രിഹന്‍ഷന്‍ ഉള്‍പ്പെടെ) ജനറല്‍ ആപ്ടിട്യൂഡ്, പൊതുവിജ്ഞാനം എന്നിവയില്‍ 100 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. പരമാവധി 2 മണിക്കൂര്‍ സമയം അനുവദിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ നോളഡ്ജ് ടെസ്റ്റില്‍ 25 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇംഗ്ലീഷ് ടൈപ്പിങ് ടെസ്റ്റിന് 10 മിനിട്ടാണ് സമയം ലഭിക്കുക. ഇതിനുപുറമെ ഇംഗ്ലീഷ് ഭാഷയില്‍ (കോംപ്രിഹന്‍ഷന്‍ പാസേജ്, പ്രിസി റൈറ്റിംഗ്, ഉപന്യാസമെഴുത്ത്) ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമുണ്ട്. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും.
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതാണ്. ദേശീയതലത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 128 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍/സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക