പത്തനംതിട്ട: പോപ്പുലര് ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം രണ്ടു വര്ഷത്തില് ഏറെയായി ഉറങ്ങിക്കിടന്ന സ്ലീപ്പര് സെല്ലുകള് ഉണര്ന്നു. വിവിധ ജില്ലകളില് ഇവരുടെ പ്രവര്ത്തനം സജീവമായതായി ഇന്റലിജന്സ്. പേരില്ല, നേതാക്കള് ആരെന്നും അറിയില്ല. ഒരു അച്ചുതണ്ടിന്റെ കീഴില് പ്രവര്ത്തിക്കുന്ന ജില്ലകള് കേന്ദ്രീകരിച്ചുള്ള വിവിധ സംഘടനകളായാണ് പ്രവര്ത്തനം. നിരോധനവും അറസ്റ്റും ഒഴിവാക്കാനുള്ള കുതന്ത്രമാകാം ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
അടുത്തിടെ കോഴിക്കോട്ട് രൂപീകരിച്ച നാഷണല് കോണ്ഫിഡറേഷന് ഫോര് ഹ്യൂമണ് ഡിഗ്നിറ്റി ആന്ഡ് റൈറ്റ്സ് (എന്സിഎച്ച്ആര്ഡി) എന്ന സംഘടന ഇതിന്റെ മാതൃസ്ഥാപനമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. പക്ഷേ ഇതുവരെ തെളിവുകള് ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര് മുതല് ജില്ലകള് കേന്ദ്രീകരിച്ച് തീവ്രവാദ സ്ലീപ്പര് സെല്ലുകള് പ്രവര്ത്തിക്കുന്നതായി പോലീസും ഇന്റലിജന്സും സംശയിച്ചിരുന്നു. അന്വേഷണത്തില് പഴയ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് ജില്ലാതലത്തില് ഇപ്പോഴും സജീവമാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല് പേരും എസ്ഡിപിഐ പ്രവര്ത്തകരാണ്. എന്നാല് ഇവര് പാര്ക്കുകള്, ബീച്ചുകള്, ബസ്സ്റ്റാന്റുകള് എന്നിവ കേന്ദ്രീകരിച്ച് ഒത്തുകൂടുന്നതായി കണ്ടെത്തി. സാമൂഹ്യ സേവനം, മനുഷ്യാവകാശം, പരിസ്ഥിതി എന്നീ മേഖലകളോടാണ് പ്രേമം കൂടുതല്. മുദ്രാവാക്യം വിളിയോ പ്രകടനമോ ഇല്ല. പൗരത്വ ഭേദഗതി വിഷയത്തിലോ മറ്റ് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലോ ഇവര് പ്രത്യക്ഷമായി പ്രതികരിക്കാറില്ല. സമൂഹത്തിന് മുന്നില് നല്ലപിള്ള ചമഞ്ഞ് നടക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരില് പലരും സിപിഎമ്മില് പ്രവര്ത്തിക്കുന്നതിനോടൊപ്പം അടുത്ത കാലത്ത് സിപിഐയോടും മമത പുലര്ത്തുന്നുണ്ട്.
ചിലരുടെ ഫോണ് നമ്പറുകള് കണ്ടെത്തി പരിശോധിച്ചപ്പോള് സംശയിക്കത്തക്ക ഒരു സൂചനയും കണ്ടെത്താന് കഴിഞ്ഞില്ല. ഒരു പക്ഷേ ഫോണ് വഴിയുള്ള ആശയ വിനിമയം പൂര്ണമായി ഒഴിവാക്കി, സന്ദേശ വാഹകരിലൂടെയൊ ഇന്റര്നെറ്റിലൂടെയോ ആകാം ബന്ധപ്പെടല് എന്ന് പോലീസ് സംശയിക്കുന്നു.
ഇത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷേ ഈ സംഘടനകളുടെ നേതാക്കള് സമൂഹത്തില് സജീവമായിരിക്കാം. പരിസ്ഥിതി, മനുഷ്യാവകാശ മേഖലയിലും ഇടത് പ്രസ്ഥാനങ്ങളിലും ഇവര് കടന്നു കൂടാനുള്ള സാധ്യതയും തള്ളാന് കഴിയില്ല. സമൂഹത്തിന് മുന്നില് ഇവര് ധരിക്കുന്ന മേലങ്കി മാത്രമാകാം ഇത്. പ്രത്യക്ഷത്തില് നേതാക്കളെ കണ്ടെത്താന് കഴിയാത്തതിനാല് ഏതെങ്കിലും ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില് നേതാക്കളെ അറസ്റ്റു ചെയ്യാന് പ്രയാസമാകും. പേരില്ലാത്തതിനാല് നിരോധനവും സാധ്യമല്ല. എന്നാല് കൊലപാതകം അടക്കമുള്ള ക്രൂരത നടത്താന് ഇവര് പോപ്പുലര് ഫ്രണ്ടിന്റെ മാര്ഗം തന്നെ സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്. കൊലപാതകത്തിന് വിദൂര ജില്ലകളില് നിന്നും ആളെ എത്തിക്കുന്ന തന്ത്രമാണിത്. ഏതായാലും എന്സിഎച്ച്ആര്ഡി നോട്ടീസില് ഇടം പിടിച്ചവര്ക്കെതിരെ അന്വേഷണം ആരംഭിച്ചതായാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: