Editorial

കര്‍ഷകരുടെ രക്ഷാനിധി

Published by

2025 ഫെബ്രുവരി 24 ന് ബീഹാറിലെ ഭഗല്‍പൂരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ 19-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. രാജ്യമെമ്പാടുമുള്ള 2.41 കോടി കര്‍ഷക സ്ത്രീകള്‍ ഉള്‍പ്പെടെ 9.8 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന 22,000 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായമാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയത്. കര്‍ഷക ക്ഷേമത്തോടും കാര്‍ഷിക അഭിവൃദ്ധിയോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത ഇതിലൂടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നു.

ഭൂമി കൈവശമുള്ള കര്‍ഷകരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രധാനമന്ത്രി 2019 ഫെബ്രുവരിയില്‍ തുടക്കം കുറിച്ച കേന്ദ്ര പദ്ധതിയാണ് പിഎം-കിസാന്‍. ഇതിലൂടെ, പ്രതിവര്‍ഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖാന്തരം കര്‍ഷകരുടെ ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നു.

ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിലും പരിശോധിച്ച് ഉറപ്പിക്കുന്നതിലും സമ്പൂര്‍ണ്ണ സുതാര്യത നിലനിര്‍ത്തിക്കൊണ്ട്, 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍, 18 ഗഡുക്കളായി 3.46 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു.

ലക്ഷ്യം

ഓരോ വിള ചക്രത്തിന്റെയും അന്ത്യത്തില്‍ പ്രതീക്ഷിക്കുന്ന വരുമാനത്തിന് ആനുപാതികമായി, കാര്‍ഷിക വിളയുടെ ഉചിതമായ തിരഞ്ഞെടുപ്പും ആരോഗ്യവും ഉറപ്പാക്കും വിധം പ്രാഥമിക ചെലവുകള്‍ വഹിക്കുന്നതിനുള്ള ചെറുകിട, ഇടത്തരം കര്‍ഷകരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുക.
പണമിടപാടുകാരുടെ കെണിയില്‍ അകപ്പെടാതെ കര്‍ഷകരെ സംരക്ഷിക്കുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നൈരന്ത്യം ഉറപ്പാക്കുകയും ചെയ്യുക.

സാങ്കേതിക പുരോഗതി

പദ്ധതി കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ, കര്‍ഷക കേന്ദ്രീകൃത ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളിലും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കി.

പിഎം-കിസാന്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. കൂടുതല്‍ സുതാര്യത, കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിച്ചേരുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആപ്പ് വികസിപ്പിച്ചത്. പിഎം-കിസാന്‍ വെബ് പോര്‍ട്ടലിലേക്കുള്ള ലളിതവും കാര്യക്ഷമവുമായ വിപുലീകരണമാണ് പിഎം-കിസാന്‍ മൊബൈല്‍ ആപ്പ്.

രജിസ്‌ട്രേഷനുകള്‍ സുഗമമാക്കുന്നതിനും നിര്‍ബന്ധിത വ്യവസ്ഥകള്‍ നിറവേറ്റുന്നതിനുമായി 5 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ നിലവിലുണ്ട്. പരാതി പരിഹാര സംവിധാനവും പ്രവര്‍ത്തനക്ഷമമാണ്. 2023 സെപ്തംബറില്‍ ആരംഭിച്ച കിസാന്‍-ഇമിത്ര എന്ന എഐ ചാറ്റ്‌ബോട്ട്, പണമടവുകള്‍, രജിസ്‌ട്രേഷന്‍, അര്‍ഹത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.

ശബ്ദാധിഷ്ഠിത പ്രവേശനം ഉള്‍പ്പെടെ ഭാരതീയ ഭാഷകളില്‍ ഇന്റര്‍നെറ്റിലേക്കും ഡിജിറ്റല്‍ സേവനങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാനും ഇന്ത്യന്‍ ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കാനും ‘ഡിജിറ്റല്‍ ഇന്ത്യ ‘ഭാഷിണി’ സഹായകമാണ്. പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് മൊബൈല്‍ നമ്പറും ആധാറും ലിങ്ക് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ഇ-കെവൈസി പൂര്‍ത്തിയാക്കുന്നതിനാണിത്.

സ്വാധീനവും നേട്ടങ്ങളും

പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ, 18 ഗഡുക്കളായി 3.46 ലക്ഷം കോടി രൂപ ഭാരത സര്‍ക്കാര്‍ വിതരണം ചെയ്തു.

പരമാവധി കര്‍ഷകരെ പദ്ധതിയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ കീഴില്‍ 2023 നവംബറില്‍ ആരംഭിച്ച പ്രചാരണം, അര്‍ഹരായ 1 കോടിയിലധികം കര്‍ഷകരെ പദ്ധതിയില്‍ ചേര്‍ക്കാന്‍ സഹായകമായി.

2024 ജൂണില്‍ 25 ലക്ഷം കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി. തല്‍ഫലമായി, 18-ാം ഗഡു ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം 9.59 കോടിയായി വര്‍ദ്ധിച്ചു.

ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ളത് ഉത്തര്‍പ്രദേശിലാണ്. 2,25,78,654 പേര്‍. 75,81,009 ഗുണഭോക്താക്കളുമായി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്.

സാര്‍ത്ഥകമായ പ്രയാണം

2019-ല്‍ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു സ്വതന്ത്ര പഠനത്തില്‍, പിഎം കിസാന്‍ പദ്ധതി ഗ്രാമീണ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുകയും കര്‍ഷകരുടെ വായ്പാ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയും പ്രാഥമിക കാര്‍ഷിക നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. കൂടാതെ, അപകടസാദ്ധ്യത ഏറ്റെടുക്കാനുള്ള കര്‍ഷകരുടെ ആത്മവിശ്വാസം ഈ പദ്ധതി വര്‍ദ്ധിപ്പിച്ചു. ഇത് അവരെ കൂടുതല്‍ ഉത്പാദനക്ഷമമായ കാര്‍ഷിക രീതികള്‍ അവലംബിക്കുന്നതിലേക്ക് നയിച്ചു. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്ന പണം അവരുടെ കാര്‍ഷിക ആവശ്യങ്ങളില്‍ സഹായിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങിയ മറ്റ് ചെലവുകള്‍ നിറവേറ്റുകയും ചെയ്യുന്നു. പദ്ധതി രാജ്യത്തെ കര്‍ഷകരില്‍ സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനത്തിന്റെ സൂചനകളാണിവ. രാജ്യത്തെ കര്‍ഷക സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതങ്ങളെ മാറ്റിമറിച്ച ഒരു സംരംഭമാണ് പിഎം കിസാന്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by