പാട്ടയും ബക്കറ്റും ഏകോദര സഹോദരര്‍ തന്നെയെങ്കിലും കര്‍മ്മരംഗത്ത് അജഗജാന്തരമുണ്ട്. പാട്ടയുടെ ആവിര്‍ഭാവ കാലത്ത് ബക്കറ്റ് പിറവിയെടുത്തിട്ടുപോലുമില്ല. അരനൂറ്റാണ്ട് കാലം മുമ്പ് മധ്യകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ആരംഭിച്ച കോളജിലായിരുന്നു പ്രീഡിഗ്രിക്കാലം. അന്നത്തെ ഒരു പാട്ടപ്പിരിവു സമരകാലം ഓര്‍മ്മയില്‍ തെൡയുന്നു. ഒരു നഴ്‌സറിപ്പരുവത്തിലുള്ള ഒരു കോളജ്. മറ്റു കോളജുകളില്‍ അലമ്പുണ്ടാക്കി പുറത്താക്കപ്പെടുന്ന വിദ്വാന്മാരുടെ അഭയകേന്ദ്രം.
അങ്ങനെയിരിക്കെ രാഷ്‌ട്രീയ നേതാവുകൂടിയായ പുതിയ പ്രിന്‍സിപ്പാള്‍ അവതരിക്കുന്നു. നഗരത്തിലെ പ്രശസ്ത കാര്യാലയത്തില്‍ നിന്നു വരുന്ന അദ്ദേഹത്തിന് നേരെ ചൊവ്വേ സമരം നടത്താന്‍ പോലും അറിയാത്ത കുട്ടികളായ ഞങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നിയത് സ്വാഭാവികം. അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞു. കോളജാവുമ്പോള്‍ സമരവും ബഹളവുമൊക്കെ വേണം. കോളജ് പടിക്കലൂടെ ട്രാന്‍സ്‌പോര്‍ട്ട് ബസ് (പ്രൈവറ്റ് ബസ് റൂട്ടാണിത്) ഓടിക്കണം എന്ന ആവശ്യമുന്നയിച്ച് എംസി റോഡില്‍ വാഹനം തടഞ്ഞ് സമരം തുടങ്ങണം. സമരം വിജയിക്കാന്‍ പണം വേണം. വണ്ടികള്‍ തടഞ്ഞ് അഞ്ചും പത്തും പാ
ട്ടപ്പിരിവ് വാങ്ങിയാല്‍ മതി. അടുത്തുള്ള ചായക്കടയില്‍ സമരക്കാര്‍ക്ക് സൗജന്യ ചായയും കടിയും. പോലീസും അറസ്റ്റുമൊക്കെയായാലേ സമരത്തിനൊരു ചൂടുണ്ടാവുള്ളൂ. ഒന്നു രണ്ടാഴ്ച സമരം ഉഷാറായി നടക്കട്ടെ. ബസ്സു കിട്ടിയില്ലെങ്കിലും ഇങ്ങനെ ഒരു കോളജ് ഇവിടുണ്ടെന്ന് നാലുപേര്‍ അറിയും. അത്യാവശ്യം വട്ടച്ചിലവിന് ചില്ലറയും കൈയില്‍ വരും.
പ്രിന്‍സിപ്പാളിന്റെ ഉപദേശം ശിരസാ വഹിച്ച് പിറ്റേന്ന് മുതല്‍ എംസി റോഡ് തടഞ്ഞ് സമരം തുടങ്ങി. നല്ല വരുമാനം. ചായയും കടിയും ഫ്രീ. പഠിക്കാനെന്ന മട്ടില്‍ പൊതിച്ചോറുമായി വീട്ടില്‍നിന്നു പോരും. ഇന്നത്തെപ്പോലെ ദൃശ്യമാധ്യമത്തള്ളിച്ചകളൊന്നുമില്ലാത്തതിനാ
ല്‍ സമരം ചെയ്യുന്നത് വീട്ടുകാര്യം അറിയുമായിരുന്നില്ല.
ഈ പാട്ട സമരത്തിന്റെ രാഷ്‌ട്രീയ-സാമ്പത്തിക വശങ്ങള്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞത് അന്നാണ്. ബക്കറ്റു പിരിവ് എന്ന മറ്റൊരു സവര്‍ണ്ണ ഇനമുണ്ട്. അതുക്കും മേലെയാണ് നോക്കുകൂലി എന്ന ചിരഞ്ജീവി. അത്താഴപ്പട്ടിണിക്കാരായ പാവം ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പാട്ടപ്പിരിവു സമരം എന്ന് പരിഹസിച്ചവര്‍ ബക്കറ്റുപിരിവിന്റെയും നോക്കുകൂലിയുടെയും ഉന്നത തലങ്ങളില്‍ വ്യാപരിക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം.
ഒരു ടെസ്റ്റും എഴുതാതെ നാട്ടുകാരെ മുഴുവന്‍ ടെസ്‌റ്റെഴുതിച്ച് വട്ടം കറക്കുന്നവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനെക്കാളും ശമ്പളവും പെന്‍ഷനും
വാങ്ങുന്നവരാണെന്നോര്‍ക്കണം. ഇന്ത്യയിലൊരു സംസ്ഥാനത്തും നിലവിലില്ലാത്ത ഈ വികസനം കേരളത്തില്‍ സംഭവിച്ചതില്‍ അഭിമാനിക്കണം. നോക്കുകൂലിക്കാര്‍ ആനപ്പുറത്ത്. വെയിലും മഴയും വകവയ്‌ക്കാതെ വീടുകയറി ആരോഗ്യ പരിപാലനം ചെയ്തവര്‍ ആശയറ്റവരായി സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴയുന്നു! കാട്ടാന ചവിട്ടിക്കൊന്നാലേ സര്‍ക്കാരിന്റെ പത്തു കാശും ഉദ്യോഗവും കിട്ടൂ എന്ന നിലയാണ്. കട കാലിയാക്കല്‍ ഭരണം എന്നു പറയുന്നത് ഇതാണ്. ഒരു പന്തിയില്‍ ബിരിയാണി ചെമ്പില്‍ നിന്ന് വാരിക്കോരി വിളമ്പല്‍. മറുപന്തിയില്‍ പാട്ടപ്പിരിവുകാരുടെ പട്ടിണിപ്പാര്‍ച്ച! എല്ലാം നേരെയാവും; നേരം വെളുക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: