India

ക്ഷേത്രങ്ങളെ സര്‍ക്കാര്‍ പിടിയില്‍ നിന്നും മോചിപ്പിക്കല്‍, സനാതനധര്‍മ്മം, വികസനം… തമിഴ്നാട്ടിലെ ബിജെപിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് അണ്ണാമലൈ

ക്ഷേത്രങ്ങളെ സര്‍ക്കാര്‍ പിടിയില്‍ നിന്നും മോചിപ്പിക്കല്‍ മാത്രമല്ല, തമിഴ്നാടിനെ 100 കോടി ഡോളല്‍ സമ്പദ്ഘടനയായി മാറ്റല്‍, പഴയ സനാതനധര്‍മ്മം തിരിച്ചുകൊണ്ടുവരല്‍, തമിഴ് ജനതയെ ഇരുട്ടിലേക്ക് തള്ളുന്ന ടാസ് മാക് കടകള്‍ നിയന്ത്രിക്കല്‍ എന്നിവയെല്ലാം തമിഴ്നാട്ടിലെ ബിജെപിയുടെ ലക്ഷ്യങ്ങളാണെന്ന് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ.

Published by

ചെന്നൈ: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ പിടിയില്‍ നിന്നും മോചിപ്പിക്കല്‍ മാത്രമല്ല, തമിഴ്നാടിനെ 100 കോടി ഡോളല്‍ സമ്പദ്ഘടനയായി മാറ്റല്‍, പഴയ സനാതനധര്‍മ്മം തിരിച്ചുകൊണ്ടുവരല്‍, തമിഴ് ജനതയെ ഇരുട്ടിലേക്ക് തള്ളുന്ന ടാസ് മാക് കടകള്‍ നിയന്ത്രിക്കല്‍ എന്നിവയെല്ലാം തമിഴ്നാട്ടിലെ ബിജെപിയുടെ ലക്ഷ്യങ്ങളാണെന്ന് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കാലില്‍ ചെരിപ്പിടാതെയാണ് അണ്ണാമലൈ അഭിമുഖത്തിന് എത്തിയത്. കാലില്‍ ചെരിപ്പിടാത്തതെന്തേ എന്ന ചോദ്യത്തിന് ഇനി ബിജെപി അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ചെരിപ്പിടൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ആറ് ദശത്തിലധികം രാഷ്‌ട്രീയ ലേഖകനായിരുന്ന പരിചയസമ്പന്നനായ ജേണലിസ്റ്റും ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറുമായ പ്രഭു ചാവ്ലയുടേത് അണ്ണാമലൈയെ മറച്ചിടാന്‍ നോക്കുന്ന ചോദ്യങ്ങളായിരുന്നു. അവയ്‌ക്ക് കൃത്യമായ മറുപടി പറഞ്ഞുപോകുന്ന അണ്ണാമലൈയില്‍ ആഴത്തില്‍ രാഷ്‌ട്രീയം പഠിച്ച നേതാവിന്റെ പക്വത കാണാമായിരുന്നു. ഈ അഭിമുഖത്തില്‍ അണ്ണാമലൈ ബിജെപിയുടെ തമിഴ്നാട്ടിലെ അജണ്ടകള്‍ അക്കമിട്ട് നിരത്തുകയായിരുന്നു.

ബിജെപിയ്‌ക്ക് അരഡസന്‍ വരെ എംപിമാര്‍ ഉണ്ടായിരുന്ന കാലം പണ്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ബിജെപി ക്ഷീണിച്ചുവരികയാണ്. എന്തുകൊണ്ടാണിത് എന്ന ചോദ്യത്തിന് അണ്ണാമലൈയുടെ ഉത്തരം ഇതായിരുന്നു. . “ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ മാത്രമാണ് ബിജെപിയ്‌ക്ക് എംപിമാരെ കിട്ടുന്നത്. 98-99ല്‍ ബിജെപിയ്‌ക്ക് ഇത്രയും എംപിമാരെ കിട്ടിയത് ഈ സഖ്യം കാരണമാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപി തനിയെ അടിത്തട്ടില്‍ നിന്നും വളരാനാണ് ശ്രമിക്കുന്നത്.”

തമിഴ്നാടിന് വഴിതെറ്റിയിട്ട് കഴിഞ്ഞ 20 വര്‍ഷത്തോളമായി.തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ സംസ്കാരം ഇല്ലാതാക്കണം. തമിഴ്നാട്ടിലെ സമ്പദ്ഘടനയില്‍ മാറ്റം വരുത്തണം. തമിഴ് ജനതയെ മയക്കിയിടുന്ന ടാസ് മാക് ഷോപ്പുകള്‍ കുറയ്‌ക്കണം.. ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന സംവിധാനം ഇല്ലാതാക്കും. ഇപ്പോള്‍ താഴെത്തട്ടില്‍ ബിജെപിയെ വളര്‍ത്തുകയാണ്. 2026ല്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍  വലിയ മാറ്റം ഉണ്ടാകും. പുതുതായി അംഗത്വപ്രചാരണത്തില്‍ ബിജെപി 48ലക്ഷം അംഗങ്ങളെ ചേര്‍ത്തു. ഇത് വലിയ നേട്ടമാണ്. 1980ലാണ് ജനസംഘത്തില്‍ നിന്നും ബിജെപി രൂപപ്പെടുന്നത്.  അതിനാല്‍ ബിജെപിയുടെ തമിഴ്നാട്ടിലെ പ്രവര്‍ത്തനം അത്ര ശക്തമാക്കാന്‍ സാധിച്ചിട്ടില്ല. 1949ല്‍ രൂപപ്പെട്ട പാര്‍ട്ടിയാണ് ഡിഎംകെ.

“നിങ്ങള്‍ക്ക് സനാതനധര്‍മ്മത്തിന്റെ പേരില്‍ തമിഴ്നാടിനെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ വിഭജിക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും സിനിമാതാരങ്ങളുടെ പിന്തുണയുമില്ല. പണ്ട് തമിഴ്നാടിനെ ഇളക്കിമറിച്ചത് പെരിയാറിനെപ്പോലെയുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കളായിരുന്നു. നിങ്ങള്‍ക്ക് അത്തരം അടിത്തറയും അവകാശപ്പെടാനില്ല. പിന്നെ എങ്ങിനെ അധികാരം പിടിക്കും?”– ഇതായിരുന്നു പ്രഭു ചാവ്ലയുടെ മറ്റൊരു പ്രധാന ചോദ്യം.

“1950ലെ പെരിയാറിന് ഇന്നത്തെ തമിഴ്നാട്ടില്‍ പ്രസക്തി നഷ്ടപ്പെട്ടു. എംജിആര്‍, കാമരാജര്‍ എന്നിവര്‍ ഒരു കാലത്ത് വലിയ ആദര്‍ശബിംബങ്ങളായിരുന്നു. പക്ഷെ ഇവര്‍ പ്രതിനിധീകരിച്ച പാര്‍ട്ടികള്‍ അവരുടെ ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചു. അണ്ണാദുരൈയെ എടുക്കൂ. ഇപ്പോഴത്തെ ഡിഎംകെ ഇപ്പോള്‍ എവിടെയാണ് ?അണ്ണാദുരൈയുടെ ചെറുമക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. മദ്യക്കടകള്‍ തമിഴ്നാട്ടില്‍ തുറക്കരുതെന്ന് പറഞ്ഞ നേതാവാണ് കാമരാജ് ഇന്ന് 45000 കോടിയാണ് ടാസ് മാകില്‍ നിന്നും തമിഴ്നാട് ഒരു വര്‍ഷം ഉണ്ടാക്കുന്ന വരുമാനം. എന്തായാലും 2026ല്‍ ബിജെപി നിരവധി എംഎല്‍എമാരെ സൃഷ്ടിക്കും. പാട്ടാളി മക്കള്‍ കക്ഷി, വാസന്‍ തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 18.5 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ ബിജെപി സഖ്യത്തിന് സാധിച്ചു. നോക്കൂ, ഡിഎംകെ, എ ഐഎഡിഎംകെ എന്നീ രണ്ട് പ്രധാന ദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കൂട്ടിയാല്‍ പോലും 50 ശതമാനത്തില്‍ താഴെയാണ്.

ദ്രാവിഡപാര്‍ട്ടികളെ ഒഴിവാക്കിയുള്ള, ഒറ്റയ്‌ക്കുള്ള പോരാട്ടം എവിടെ എത്തും എന്നതായിരുന്നു പ്രഭു ചാവ്ലയുടെ മറ്റൊരു ചോദ്യം.

“നല്ലൊരു ആത്മീയജീവിതം ഒരു കാലത്ത് തമിഴ് മക്കള്‍ക്കുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷെ ഈ തമിഴ്നാട് സംസ്കാരം നശിപ്പിക്കപ്പെട്ടിരുന്നു. അതിന് പ്രധാനകാരണം ദ്രാവിഡപാര്‍ട്ടികളാണ്. പക്ഷെ ഈ സംസ്കാരം വീണ്ടെടുക്കണം. സനാതനധര്‍മ്മമായിരുന്നു തമിഴ്നാടിന്റെ സംസ്കാരം. ഇത് തിരിച്ചുപിടിക്കണം.” – അണ്ണാമലൈ പറയുന്നു.

താങ്കള്‍ ഇത്രയും കാലം തമിഴ്നാട്ടില്‍ രാഷ്‌ട്രീയം പറഞ്ഞ് നടക്കുകയായിരുന്നു. പിന്നീട് താങ്കള്‍ പൊടുന്നനെ താങ്കള്‍ ലണ്ടനിലേക്ക് പോയി. ഇതൊക്കെ ആവശ്യമാണോ? അണ്ണാമലൈയുടെ പൊടുന്നനെയുള്ള ലണ്ടന്‍ ഉപരിപഠനയാത്രയെ വിമര്‍ശിച്ചുകൊണ്ട് പ്രഭു ചാവ് ല ചോദിച്ചു.

ഈ ചോദ്യത്തിന് മുന്നിലും അണ്ണാമലൈ കുലുങ്ങിയില്ല. “രാഷ്‌ട്രീയം മാറുകയാണ്. ലോകത്ത്നടക്കുന്ന മാറ്റങ്ങള്‍ നമ്മള്‍ പഠിക്കണം. ആധുനികമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ അതിന് കഴിയൂ. അതാണ് ഞാന്‍ ചെയ്യുന്നത്. ചൈനയില്‍, അമേരിക്കയില്‍ എല്ലാം എന്തെല്ലാം മാറ്റങ്ങള്‍ നടക്കുന്നു എന്നത് നമ്മള്‍ മനസ്സിലാക്കണം.

തമിഴ്നാട് രാഷ്‌ട്രീയം കൈകാര്യം ചെയ്യാന്‍ ലണ്ടനില്‍ പോയി പഠിക്കേണ്ടതുണ്ടോ? എന്ന പ്രഭു ചാവ്ലയുടെ ചോദ്യത്തിനും അണ്ണാമലൈയ്‌ക്ക് മറുപടിയുണ്ട്.

“തമിഴ്നാട് രാഷ്‌ട്രീയത്തെ കൈകാര്യം ചെയ്യാന്‍ ലണ്ടനില്‍ പോയി പഠിക്കേണ്ട ആവശ്യമില്ല. പക്ഷെ ഞങ്ങള്‍ വ്യത്യസ്തരായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്നാടിനെ ഭരിയ്‌ക്കുന്ന ബ്യൂറോക്രസിയാണ്. സ്റ്റാലിനും മറ്റും ഭാവിയെക്കുറിച്ച് എന്ത് കാഴ്ചപ്പാടാണ് ഉള്ളത്?”. – അണ്ണാമലൈ പറഞ്ഞു.

ഈ മുറിയില്‍ 3000 വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇവരോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? എന്ന പ്രഭു ചാവ് ലയുടെ ചോദ്യത്തിന്

അവര്‍ ഭാവിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണം. ഇവര്‍ക്കെല്ലാം ഒരുപാട് സ്വപ്നങ്ങളുണ്ട്. ഇവരുടെ സ്വപ്നങ്ങളിലേക്ക് തമിഴാനട് വളരുന്നുണ്ടോ? ലോകത്തിലെ ഏറ്റവും മികച്ചത് തമിഴ്നാടിന് നല്‍കണം. 1.55 ലക്ഷം കോടിയാണ് കഴിഞ്ഞ വര്‍ഷം തമിഴ്നാട് കടമെടുത്തത്. ഇങ്ങിനെ കടമെടുത്തുകൊണ്ടുള്ള വികസനമല്ല വേണ്ടത്. ഈ കുട്ടികളാണ് അതിന് സമാധാനം പറയേണ്ടിവരിക. കുട്ടികള്‍ പോകുന്ന ഇടത്തെല്ലാം ടാസ്മാക് ആണ്. ക്ഷേത്രത്തില്‍ പോയാലും സ്കൂളില്‍ പോയാലും എല്ലാം ടാസ്മാക് (മദ്യക്കടകള്‍) ആണ്. തമിഴ്നാട്ടില്‍ വളരുന്നത് ടാസ്മാക് മാത്രമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന തമിഴ്നാട്ടിലെ 43 ശതമാനം കുട്ടികള്‍ക്കും ഒന്നിനും ഒമ്പതിനും ഇടയിലുള്ള സംഖ്യകളെ വേര്‍തിരിച്ചറിയാന്‍ കഴിയില്ലെന്ന് പറയുന്നു. അത്രയ്‌ക്ക് പിറകിലാണ് തമിഴ്നാടിന്റെ വിദ്യാഭ്യാസനിലവാരം. ലോകത്തിലെ ഏറ്റവും മലനീകരിക്കപ്പെട്ട 43 നദികളില്‍ അഞ്ചെണ്ണം തമിഴ്നാട്ടില്‍ നിന്നാണ്. ഇതെല്ലാം മാറണം.

രാമമന്ദിര്‍ അല്ലാതെ തമിഴ്നാട്ടില്‍ നിന്നും വോട്ടുകിട്ടാന്‍ മറ്റ് പദ്ധതികള്‍ ബിജെപിയുടെ കയ്യിലുണ്ടോ? തമിഴ്നാട്ടില്‍ ബിജെപിയുടെ ഡിഎന്‍എയ്‌ക്ക് തകരാറുണ്ടോ?

കുറിക്കുകൊള്ളുന്ന പ്രഭു ചാവ്ലയുടെ ഈ ചോദ്യത്തിന് മുന്നിലും അണ്ണാമലൈ തളര്‍ന്നില്ല. രാമമന്ദിര്‍ എന്നത് ജനങ്ങളെ വിഭജിക്കാന്‍ വേണ്ടി ബിജെപി ഉണ്ടാക്കിയ പദ്ധതിയല്ല. അത് ജനങ്ങളുടെ ആഗ്രഹമായിരുന്നു. പക്ഷെ ഭരണത്തിലിരിക്കുന്ന ചില പാര്‍ട്ടികള്‍ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ശരിയാണോ? അതിനെതിരെയാണ് ബിജെപിയുടെ സമരം. പള്ളികളിലും മുസ്ലിംപള്ളികളിലും സര്‍ക്കാര്‍ ഇടപെടരുതെന്ന് പറയുന്നു. പക്ഷെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ സര്‍ക്കാരിന് ഇടപെടാം. ഇത് വിവേചനമല്ലേ? ഇത് ഇല്ലാതാക്കണം. അതേ സമയം ബിജെപിയ്‌ക്ക് ബദല്‍ വികസനസങ്കല്‍പങ്ങളുണ്ട്. 100 കോടി ഡോളര്‍ സമ്പദ്ഘടനയായി തമിഴ്നാടിനെ മാറ്റണം. അതിന് പറ്റിയ ബദല്‍ വികസന പദ്ധതി ബിജെപി രൂപപ്പെടുത്തും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക