തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരത്തിന് നേരെയുള്ള സര്‍ക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് കെ.കെ. ശിവരാമനും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ കണ്ണു തുറക്കുന്നില്ലെന്നും അവര്‍ക്കു നേരെ പുലയാട്ട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അന്ത്യശാസന നൽകി കഴിഞ്ഞു ഉടൻ ജോലിയിൽ പ്രവേശിക്കണം ഇല്ലെങ്കിൽ ഫലം വ്യക്തം, ജോലിയിൽ നിന്ന് പിരിച്ചുവിടും. ആശാവർക്കർമാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്.
സർക്കാർ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ അവർ നിർബന്ധിതരായത്. സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചത്. മൂന്നാറിൽ നടന്ന പെൺകൾ ഒരുമൈ സമരത്തോട് ചിലർ വിശേഷിപ്പിച്ചു . പക്ഷേ അവർ മറന്നുപോയ ഒരു കാര്യമുണ്ട് പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു.
വിധ്വംശക ശക്തികളാണ് ആശാവർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് എന്ന്, ചില രാഷ്ട്രീയ യജമാനന്മാർ പ്രചരിപ്പിക്കുന്നു. പ്രതിമാസം 7000 രൂപ വരുമാനമുള്ള, അതിരാവിലെ മുതൽ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവർക്കർമാർ. അവരുടെ നേരെ കണ്ണു തുറക്കാത്ത സർക്കാർ, പ്രതിമാസം ലക്ഷങ്ങൾ ശമ്പളവും, സർവ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി എസ് സി ചെയർമാനും മെമ്പർമാർക്കും വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ? നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വർദ്ധിപ്പിച്ചു. പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: