Kerala

സമരം ചെയ്യുന്നത് ഈര്‍ക്കിലി സംഘടന; വീണ്ടും ആശാ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് എളമരം കരീം

Published by

തിരുവനന്തപുരം: ആശ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മാധ്യമശ്രദ്ധ കിട്ടിയതോടെ സമരക്കാര്‍ക്ക് ഹരമായെന്നും പ്രതിഷേധിക്കേണ്ടത് ഈ രീതിയിലല്ലെന്നും എളമരം കരീം വിമര്‍ശിച്ചു.

പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.

കണക്കെടുപ്പും സര്‍വ്വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തുന്നത് ശരിയായ രീതിയല്ല. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു.

അതേസമയം, ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിനെതിരെ ആശമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എച്ച്.എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by