തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാരിന്റെ സമീപനം, ഈ സര്‍ക്കാര്‍ എത്രത്തോളം തൊഴിലാളി വിരുദ്ധമാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരകാലത്തും കാലഹരണപ്പെട്ടുകഴിഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സമരകാലത്തും ഇതു നമ്മള് കണ്ടതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ധൂര്‍ത്തിന് ഏറെ പണമുള്ളപ്പോള്‍ ആശാ വര്‍ക്കര്‍മാരോട് മാത്രം വേര്‍തിരിവ് കാട്ടുന്നത് അനീതിയാണ്. ശമ്പളം തടഞ്ഞു വെച്ച് ട്രാന്‍സ്പോര്‍ട്ട് സമരക്കാരെ നേരിടാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ സമരം ചെയ്ത ആശാവര്‍ക്കര്‍മാരുടെയും കണക്കെടുക്കുന്നു. അവരെ ലിസ്റ്റില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ പ്രതീക്ഷിക്കാം. ഇതിനൊക്കെ മുന്നിട്ടിറങ്ങുന്നതോ ഇടത് സംഘടനകളും. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും കുടിശ്ശികയായ തുക സാങ്കേതികത്വം പറഞ്ഞ് തടഞ്ഞ് വെച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തതുമാണ് ആശാവര്‍ക്കര്‍മാര്‍ ചെയ്ത കുറ്റം. ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സമരം ചെയ്താല്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവരുടെ ന്യായമായ ആവശ്യങ്ങളെപ്പോലും പരിഹസിക്കുന്നു.
ആശാവര്‍ക്കര്‍മാരാണ് കൊവിഡ് കാലത്ത് പോലും ജനങ്ങളിലേക്ക് എത്തിയത്. കേരളത്തിലെ ഓരോ കുടുംബത്തേയും അടുത്തറിയാവുന്നവരാണവര്. അവര്‍ക്ക് കേന്ദ്രം കൊടുക്കുന്ന പണം പോലും സമയത്ത് കൊടുക്കാതെ അങ്ങേയറ്റം കെടുകാര്യസ്ഥത കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് അത് ചോദ്യം ചെയ്തപ്പോള്‍ സമരക്കാരെ കൂട്ടമായി അധിക്ഷേപിക്കുന്നു.
ധനകാര്യ മാനേജുമെന്റിലും ഭരണത്തിലും അമ്പേ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍. പാവപ്പെട്ട സ്ത്രീകളെ സമരമുഖത്തേക്ക് തള്ളിവിടുന്നത് ഒരു നാടിനും ഭൂഷണമല്ലെന്ന് ഓര്‍ക്കണം, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: