Kerala

മന്നം സമാധിമണ്ഡപത്തില്‍ തിരിതെളിഞ്ഞു തുടങ്ങിയിട്ട് ഇരുപത്തഞ്ചാണ്ട്

സമുദായാചാര്യന്റെ സമാധി ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു

Published by

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ആത്മീയചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പെരുന്നയിലെ മന്നംസമാധിമണ്ഡപത്തില്‍ നിലവിളക്ക് തെളിച്ച് തുടങ്ങിയിട്ട് ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയായി. 2000ല്‍ മന്നം ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് മന്നം സമാധിയില്‍ എല്ലാദിവസവും തിരിതെളിക്കുന്നത് നന്നായിരിക്കുമെന്ന നിര്‍ദേശം വച്ചത്. അതിന് ശേഷം തുടര്‍ച്ചയായി ഇന്നുവരെ അവിടെ തിരിതെളിഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം ഇവിടെ തിരിതെളിച്ചതും.

മന്നത്ത് പദ്മനാഭന്റെ ആത്മീയ പ്രഭ തെളിഞ്ഞുനില്‍ക്കുന്ന ഈ കേന്ദ്രം ഒരു ക്ഷേത്ര സങ്കേതത്തെപോലെ പരിപാവനമായി സംരക്ഷിക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നത്.
ആ ആത്മാവ് സമുദായാംഗങ്ങളെയെല്ലാം സംരക്ഷിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ടെന്ന് കാലം തെളിയിച്ചെന്ന് ജി. സുകുമാരന്‍നായര്‍ പറഞ്ഞു

ഇന്നലെ സമുദായ ആചാര്യന്‍ ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 55-ാമത് സമാധിദിനാചരണം സംസ്ഥാന വ്യാപകമായി ആചരിച്ചു. പെരുന്ന മന്നം സമാധി മണ്ഡപത്തില്‍ രാവിലെ ആറു മുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ 11.45 വരെ ഭക്തിഗാനാലാപനം, പുഷ്പാര്‍ച്ചന, ഉപവാസം, സമൂഹപ്രാര്‍ത്ഥന എന്നിവ നടന്നു. സമാധി മണ്ഡപത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു സമുദായാംഗങ്ങളാണ് എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by