India

നയപ്രഖ്യാപനത്തിനിടെ ബഹളം; പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പടെ 12 ആപ് എം.എൽ.എമാരെ പുറത്താക്കി സ്പീക്കർ

Published by

ന്യൂദൽഹി: പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പടെ 12 എ.എ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് സ്പീക്കർ വിജേന്ദർ ഗുപ്ത. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ മുദ്രാവാക്യം വിളികളുമായി അതിഷിയും കൂട്ടരും രംഗത്തെത്തുകയായിരുന്നു. ഇതോടെ സഭയ്‌ക്കുള്ളിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് സസ്പെൻഷൻ നടപടികളിലേക്ക് സ്പീക്കർ കടക്കുകയായിരുന്നു.

ഗോപാൽ റായ്, വീർ സിങ് ധിംഗൻ, മുകേഷ് അഹ്ലാവാത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജാർനെൽ സിങ് തുടങ്ങിയ എം.എൽ.എമാരെയാണ് നിയമസഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തതോടെ നിയമസഭയ്‌ക്ക് പുറത്ത് എംഎല്‍എമാര്‍ പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്.

ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുവരിൽ അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ തൂക്കിയിട്ട വിഡിയോ ബിജെപി പുറത്തുവിട്ടു. നേരത്തേയുണ്ടായിരുന്ന ഭാഗത്ത്നിന്ന് ഇവരുടെ ഫോട്ടോകൾ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ആ സ്ഥാനത്തിപ്പോൾ, രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെയും മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണുള്ളതെന്നും അതിഷി പറഞ്ഞിരുന്നു.

അതിനിടെ മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു. സിഎജി റിപോര്‍ട്ട് ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിയെ തുറന്നുകാട്ടുന്നതാണെന്ന് ഡല്‍ഹി മന്ത്രിയും ബിജെപി നേതാവുമായ പര്‍വേഷ് വര്‍മ്മ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by