India

‘നാണമില്ലേ നിങ്ങൾക്ക്’ : ബിജെപി തന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ നടി പ്രീതി സിന്റ

ബിജെപി തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച കോൺഗ്രസിനെതിരെയാണ് നടി പ്രീതി സിന്റ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്

Published by

മുംബൈ : ബിജെപി സർക്കാർ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിലെ നടിയുടെ 18 കോടി രൂപ വായ്പ എഴുതിത്തള്ളാൻ സഹായിച്ചെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. തിങ്കളാഴ്ചയാണ് കേരള കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പ്രസ്താവന പാർട്ടി നടത്തിയത്.

“നടി പ്രീതി സിൻ്റ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” – എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്.

ഈ പോസ്റ്റിന് മറുപടിയായി ഇന്ന് പ്രീതി കോൺഗ്രസിനെ കണക്കറ്റ് വിമർശിച്ചു. “ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വയം കൈകാര്യം ചെയ്യുന്നു, വ്യാജ വാർത്തകൾ പ്രചരിപ്പിച്ച നിങ്ങൾക്ക് നാണമില്ലേ ! ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്‌ട്രീയ പാർട്ടിയും അവരുടെ പ്രതിനിധിയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് മോശമായ ഗോസിപ്പുകളിലും ക്ലിക്ക് ബെയ്റ്റുകളിലും ഏർപ്പെടുകയും ചെയ്യുന്നത് എന്നെ ഞെട്ടിച്ചു.” – പ്രീതി എക്സിൽ കുറിച്ചു.

ഇതിനു പുറമെ ” പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു വായ്പ എടുത്തത് പൂർണ്ണമായും തിരിച്ചടച്ചിട്ടുണ്ട്. ഭാവിയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ ഇത് വ്യക്തമാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” – നടി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by