ബെംഗളൂരു : റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരെ കർണാടക സർക്കാർ ഫയൽ ചെയ്ത കേസ് കർണാടക ഹൈക്കോടതി തള്ളി. അർണാബിനെ ലക്ഷ്യം വച്ചും നിരുത്തരവാദപരമായി പെരുമാറിയതിനും കോടതി സംസ്ഥാന പോലീസിനെ വിമർശിച്ചു.
മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിയായതു കൊണ്ട് തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. സാധുവായ ഒരു കാരണവുമില്ലാതെ അദ്ദേഹത്തെ തെറ്റായി കേസിൽ ഉൾപ്പെടുത്തിയെന്ന് പറഞ്ഞാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഗോസ്വാമിക്കെതിരായ ക്രിമിനൽ കേസ് തള്ളിയത്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു. കർണാടക കോൺഗ്രസ് അംഗം രവീന്ദ്രയാണ് ഈ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 27 ന് റിപ്പബ്ലിക് ടിവി കന്നഡ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നുപോകാൻ ബെംഗളൂരുവിലെ എംജി റോഡിൽ ഗതാഗതം നിർത്തിവച്ചതായും അതിനാൽ ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും ഒരു വാർത്ത സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് പരിഗണിച്ചപ്പോൾ, ഈ കേസിൽ അർണാബ് ഗോസ്വാമിയുടെ പേര് എന്തിനാണ് എടുത്തതെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. റിപ്പബ്ലിക് ടിവി കന്നഡയിലാണ് വാർത്ത സംപ്രേഷണം ചെയ്തതെന്ന് കോടതി കണ്ടെത്തി. അതിൽ അർണാബ് നേരിട്ട് ഇടപെട്ടിരുന്നില്ല. അർണാബ് ഗോസ്വാമി എന്ത് പ്രത്യേക കുറ്റകൃത്യമാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകാനും സംസ്ഥാന സർക്കാരിനായില്ല. തുടർന്നാണ് പ്രതികാരനടപടിയുടെ പേരിലാണ് അർണാബിനെ കുടുക്കിയതെന്ന് കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: