ബെംഗളൂരു: ബെംഗളൂരുവിലെ അശോക് നഗറിലെ ഗരുഡ മാളിനടുത്ത് അജ്ഞാതരായ അക്രമികൾ പ്രമുഖ കോൺഗ്രസ് നേതാവ് ഹൈദർ അലിയെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒരു ലൈവ് ബാൻഡ് പരിപാടിയിൽ പങ്കെടുത്ത ശേഷം അലി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മറ്റൊരു ബൈക്കിൽ അവരെ പിന്തുടർന്നെത്തിയ അക്രമികൾ അലിയെ പതിയിരുന്ന് ആക്രമിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ നിലയിൽ ഹൈദർ അലിയെ കണ്ടെത്തി. ഉടൻ തന്നെ അവർ അദ്ദേഹത്തെ ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ടിവി9 കന്നഡ റിപ്പോർട്ട് ചെയ്തു.
അലിയുടെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആശുപത്രിക്ക് സമീപം വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ അനുയായികൾ തടിച്ചുകൂടി. ആശുപത്രി ഗേറ്റ് തകർത്തുകൊണ്ട് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. തുടർന്ന് അശോക് നഗർ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കൂടാതെ അശോക് നഗർ പോലീസ് സ്റ്റേഷനിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം കൊലപാതകം അന്വേഷിക്കാനും പ്രതികളെ പിടികൂടാനും ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ആക്രമണസമയത്ത് അലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അനെപാല്യ നിവാസിയായ ഹൈദർ അലി, കോൺഗ്രസ് എംഎൽഎ എൻ. എ. ഹാരിസുമായി അടുത്ത ബന്ധമുള്ളയാളാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
ഹൈദർ അലിയുടെ ക്രിമിനൽ റെക്കോർഡ്
ഹൈദർ അലിക്ക് വിവാദപരമായ ഒരു ഭൂതകാലമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അശോക് നഗർ പോലീസ് അധികാരപരിധിയിലെ അറിയപ്പെടുന്ന ഒരു റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ടായിരുന്നു വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് ഇയാളുടെ ക്രിമിനൽ റെക്കോർഡിൽ വ്യക്തമാക്കുന്നുണ്ട്.
2014 മുതൽ അലി ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നാൽ 2022 മുതൽ ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രദേശത്ത് തന്റെ സ്വാധീനം അദ്ദേഹം തുടർന്നു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: