Kerala

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

Published by

കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നിവേദനം സമര്‍പ്പിച്ചു. കൊല്ലം തീരത്തു നിന്ന് ഏതാണ്ട് 27 മുതല്‍ 33 കിലോമീറ്റര്‍ അകലെയായി നടത്താന്‍ പോകുന്ന ഖനനം കടലിന്റെ അടിത്തട്ടിലുള്ള ജൈവ സമ്പത്തും, മത്സ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങളും തകരാന്‍ ഇടയാക്കും.കരയിടിഞ്ഞ് തീരശോഷണം സംഭവിക്കും. കിടപ്പാടവും ഗ്രാമങ്ങളും നഷ്ടപ്പെടാന്‍ ഇത് കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു.

കേരളത്തിലെ ആദ്യത്തെ സംരംഭം എന്ന നിലയില്‍ മണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്പി. പീതാംബരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.

ഹര്‍ത്താലുമായി സഹകരിക്കില്ല
കൊച്ചി: ഇന്‍ഡി സഖ്യം സംഘടനകള്‍ 27ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സഹകരിക്കില്ല. കൊല്ലത്തെ ആലപ്പാട്ടും ആലപ്പുഴയിലെ തോട്ടപ്പള്ളിയിലും മണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി നടത്തുന്ന സമരങ്ങളെ തിരിഞ്ഞു നോക്കുകയോ പിന്തുണക്കുകയോ ചെയ്യാത്ത ഇടത് വലത് ട്രേഡ് യൂണിയനുകളും ചില എന്‍ജിഒകളുംപ്രഖ്യാപിച്ച ഹര്‍ത്താല്‍ അവരുടെ ഇരട്ടത്താപ്പിന് തെളിവാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി. പീതാബരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ഹര്‍ത്താലിന് പിന്നില്‍ രാഷ്‌ട്രീയപ്രേരിതമായ കേന്ദ്രവിരുദ്ധ സമീപനമാണ്.
തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ ഇതിനെ പിന്തുണക്കില്ല. കേരള കടല്‍ തീരത്തെ രാഷ്‌ട്രീയപ്രേരിത സമരങ്ങള്‍ക്ക് വേദിയാക്കാനുള്ള നീക്കം ജനം തിരിച്ചറിയുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക