തിരുവനന്തപുരം: കൂടുതൽ പ്രവർത്തകരെ സമരപന്തലിലെത്തിച്ച് സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ് തീരുമാനം. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് അറിയിച്ചു. മൂന്നുമാസ കുടിശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാർ.
സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങളും കണക്കെടുപ്പും ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തി. ഈ മാസം 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല.
ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശാവർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം അടക്കമുള്ള കാര്യങ്ങള്‍ക്കായി കേരളത്തിനു നല്‍കാന്‍ കുടിശികയൊന്നുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
2024-25 സാമ്പത്തിക വര്‍ഷം 913.24 കോടി രൂപയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഓണറേറിയം ഉള്‍പ്പെടെ കേരളത്തിനുള്ള വിഹിതമായി നീക്കിവച്ചത്. എന്നാല്‍ 938.80 കോടി രൂപ കേരളത്തിന് അനുവദിച്ചു, 25 കോടി അധികം. നാലു തവണകളായാണ് തുക അനുവദിച്ചത്. ഇതുകൂടാതെ പഴയ കുടിശിക തീര്‍ക്കാന്‍ അഞ്ചാം തവണയായി ഫെബ്രുവരി 12ന് 120.45 കോടിയും സംസ്ഥാനത്തിന് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: