World

ജോ ബൈഡന്‍ ഇന്ത്യയില്‍ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 170 കോടി ചെലവാക്കിയെന്നും ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയിൽ വോട്ടെടുപ്പിന്‍റെ ശതമാനം ഉയർത്താനെന്ന പേരിൽ, തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക 170 കോടി രൂപ (2.1 കോടി ഡോളര്‍ ) ചെലവാക്കിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്

Published by

വാഷിങ്ടൺ: ഇന്ത്യയിൽ വോട്ടെടുപ്പിന്റെ ശതമാനം ഉയർത്താനെന്ന പേരിൽ, തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക 170 കോടി രൂപ (2.1 കോടി ഡോളര്‍ ) ചെലവാക്കിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ബൈഡൻ ശ്രമിച്ചുവെന്നും ട്രംപ്.  അമേരിക്കയിൽ വോട്ടർ പങ്കാളിത്തം ഉയർത്താൻ ഇത് പോലെ പണം ചെലവഴിക്കാത്തതെന്താണെന്ന് ട്രംപ് പരിഹസിച്ചു.

ഇന്ത്യയിലെ ബൈഡന്റെ ഇഷ്ടക്കാരന്‍ മോദിയല്ലെന്നും രാഹുല്‍ ഗാന്ധി ആയിരുന്നെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  അമേരിക്കയിലെ ഏതാനും ധനിക കുടുംബങ്ങളുടെയും അവരുടെ കൂട്ടാളികളുടെയും സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റ് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ജോ ബൈഡന്‍ മാത്രമല്ല, ഡമോക്രാറ്റ് നേതാക്കളായ ബില്‍ ക്ലിന്‍റണും ഒബാമയും എല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ഇന്ത്യയില്‍ എന്‍ജിഒ സംഘടനകളെ പണം നല്‍കി അവരുടെ ഇംഗിതത്തിന് ഒരുക്കി നിര്‍ത്തുന്നതും ഈ ഡീപ് സ്റ്റേറ്റാണ്. ഡീപ് സ്റ്റേറ്റിന് ഏറെ സ്വാധീനമുള്ള ഒരിടമാണ് യുഎസ് എയ്ഡ് ഫണ്ട്. അവര്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് മാത്രമേ ഡമോക്രാറ്റുകള്‍ ഭരിയ്‌ക്കുമ്പോള്‍ ഈ ഫണ്ടുകള്‍ കൂടുതലായും ഉപയോഗിക്കപ്പെടുക.

യുഎസില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അറിയാതെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇത്രയും ഫണ്ട് വന്നത് ആശങ്കാജനകമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ എന്ന് പറഞ്ഞാണ് യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ് (യുഎസ് എയിഡ്) ഇത്രയും തുക ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. ഇക്കാര്യം ഇത് മൂന്നാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്.

യുഎസ് എയിഡ് വഴി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക ഫണ്ട് നല്കിയത് ഡോണൾഡ് ട്രംപ് തന്നെ തനിക്ക് മുന്‍പ് യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡനെതിരെ ആയുധമാക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്ക് യുഎസ് സര്‍ക്കാരിന്റെ പണം അനാവശ്യമായി ചെലവഴിക്കുന്നതിന് എതിരാണ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് എയിഡിന്റെ എല്ലാ വിദേശരാജ്യങ്ങള്‍ക്കുള്ള സഹായങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയിൽ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ബൈഡൻ ശ്രമിച്ചുവെന്ന് ട്രംപ് ആദ്യം ആരോപിച്ചിരുന്നു. ഇന്ത്യയിലെ സംഘടനകൾക്ക് നൽകിയത് കൈക്കൂലിയാണെന്നും ഇതിൽ ഒരു വിഹിതം തിരിച്ച് അമേരിക്കയിൽ തന്നെ എത്തുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചു. തുടർച്ചയായി മൂന്നാം ദിവസവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച ഡോണൾഡ് ട്രംപ്, ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ ഇത്രയ്‌ക്ക് താല്‍പര്യമുള്ള ബൈഡന് എന്താ അമേരിക്കയിലെ വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിൽ താല്പര്യം ഇല്ലായിരുന്നോ എന്നും ചോദിക്കുന്നു.

ഇന്ത്യയ്‌ക്കല്ല ബംഗളാദേശിനാണ് ഈ 170 കോടി കിട്ടിയതെന്ന റിപ്പോർട്ട് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് നല്കിയിരുന്നു. എന്നാൽ ഫണ്ട് സ്വീകരിച്ച കോൺഗ്രസ് അനുകൂല സംഘടനകളെ രക്ഷിക്കാനാണ് റിപ്പോർട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തെ യുഎസ് ഇടപെടൽ ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഇന്നലെ പറഞ്ഞിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങൾ ഇതന്വേഷിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by