കൊല്ലം : കുണ്ടറയിൽ റയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കുറുകെ വച്ച സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തേടി. കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ചിനോടാണ് സംഭവത്തിന്റെ റിപ്പോർട്ട് തേടിയത് . സംഭവ സ്ഥലത്ത് ആദ്യമെത്തിയ എഴുകോൺ പോലീസ് സ്റ്റേഷനിലെ ഉദ്യോസ്ഥരിൽ നിന്നും ദൃക്സാക്ഷിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്
അതേസമയം പാളത്തിൽ ടെലഫോൺ പോസ്റ്റുകൾ ഇട്ട് പാലരുവി എക്സ്പ്രസ് അപകടത്തിൽ പെടുത്താൻ ശ്രമിച്ചു എന്ന് കരുതുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
ഇന്ന് വെളുപ്പിന് ഒരു മണിയോടുകൂടിയാണ് ട്രെയിൻ അട്ടിമറിശ്രമം നടന്നത്. റെയിൽവേ പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റുകൾ വച്ച് ട്രെയിൻ അപകടത്തിൽ പെടുത്തുകയായിരുന്നു ലക്ഷ്യം. ഒന്നരയോടെ എറണാകുളത്തു നിന്നും എത്തിയ പ്രദേശവാസിയായ യുവാവ് റെയിൽവേ പാളം കടന്ന് വീട്ടിലേക്ക് പോകവെയാണ് റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് കുറുകെ വെച്ചിരിക്കുന്നത് കണ്ടത്.
സ്ഥലത്തുണ്ടായിരുന്ന ഈ യുവാവിന്റെ ബന്ധുവും യുവാവും ചേർന്ന പോസ്റ്റ് മാറ്റാൻ ശ്രമിച്ചു എന്നാൽ ഭാരം ഉണ്ടായിരുന്ന പോസ്റ്റ് മാറ്റാൻ സാധിക്കാതെ വന്നതോടെ ഇവർ പ്രദേശത്തെ റെയിൽവേ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് റെയിൽവേ ട്രാക്കിൽ നിന്നും നീക്കംചെയ്തു.
പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ എഴുകോൺ പോലീസ് പോയതിനുശേഷം റെയിൽവേ പാലത്തിന്റെ കുറുകെ വീണ്ടും പോസ്റ്റ് വച്ചതായി കുണ്ടറ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. കുണ്ടറ പോലീസ് സ്ഥലത്തെത്തി ആ പോസ്റ്റും നീക്കംചെയ്തു. ഇതോടെയാണ് ട്രെയിൻ അട്ടിമറി ശ്രമം ആകാം എന്ന പോലീസ് നിഗമനത്തിലെത്തിയത്.
രാവിലെ 10 മണിയോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും, റെയിൽവേ പോലീസിന്റെയും കുണ്ടറ പോലീസിന്റെയും നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി. തുടർന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിസിടിവിദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളുടെ സിസിടിവിദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. നിലവിൽ ഈ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മധുരയിൽ നിന്നുള്ള റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുന്നുണ്ട്. കേരള പോലീസും റെയിൽവേ പോലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കേസ് അന്വേഷണം ആര് ഏറ്റെടുക്കും എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: