ന്യൂഡല്‍ഹി: മറ്റ് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കുളളതുപോലെ പ്രത്യേക ചുമതലകള്‍ ഏറ്റെടുക്കാതെ മാറി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ നീരസം. ഇന്ദിരാകുടുംബത്തിലെ അംഗമെന്ന നിലയ്‌ക്ക് രാഷ്‌ട്രീയത്തില്‍ താരപദവി ഉണ്ടെങ്കിലും ജനറല്‍ സെക്രട്ടറി എന്ന നിലയ്‌ക്കുള്ള ആലങ്കാരിക പദവിയും വല്ലപ്പോഴും മണ്ഡലത്തില്‍ മുഖം കാണിക്കേണ്ട ഒരു എംപി സ്ഥാനവും കൊണ്ട് കഴിഞ്ഞുകൂടുകയാണ് പ്രിയങ്ക. ഏതെങ്കിലും സംസ്ഥാനത്തിന്‌റേയോ പദ്ധതികളുടേയോ ചുമതല ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടിതലത്തില്‍ ഉയരുന്ന ആവശ്യം. മിക്കവാറും എല്ലാം എഐസിസി ജനറല്‍ സെക്രട്ടറിമാരെയും ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രിയങ്ക മാത്രം ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍ വയനാട് എംപി എന്ന നിലയ്‌ക്ക് സജീവ രാഷ്‌ട്രീയത്തിലേക്ക് കടന്നതോടെ പാര്‍ട്ടി ഉത്തരവാദിത്വം ഏല്‍ക്കണമെന്നാണ് ഉയരുന്ന സമ്മര്‍ദ്ദം. ഇന്ദിരാ കുടുംബം പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞതോടെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറിനില്‍ക്കുന്നു എന്ന പ്രതീതിയാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്. നേരത്തെ യുപിയുടെ ചുമതല പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ദയനീയ പരാജയമായിരുന്നു അതേത്തുടര്‍ന്ന് ഉണ്ടായത്. ഇതാവും എന്തെങ്കിലും ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് പ്രിയങ്കയെ പിന്തിരിപ്പിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ജീവശ്വാസം നിലനിര്‍ത്താന്‍ അഹോരാത്രം പണിപ്പെടുമ്പോള്‍ പ്രിയങ്കയെ പോലൊരു യുവനേതാവ് സുഖമായി മാറി നില്‍ക്കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ ഇക്കാര്യം പ്രിയങ്കയെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക