India

കോൺഗ്രസ് ശക്തമോ സർക്കാരുകളുള്ളതോ ആയ സംസ്ഥാനങ്ങളിൽ, ബിഎസ്പിയോട് ജാതീയ മനോഭാവം പുലര്‍ത്തി, തോൽപ്പിക്കാൻ ശ്രമിച്ചു- മായാവതി

Published by

ലഖ്‌നൗ: കോൺഗ്രസ് ശക്തമോ സർക്കാരുകളുള്ളതോ ആയ സംസ്ഥാനങ്ങളിൽ, അവർ ബിഎസ്പിയോട് ശത്രുതയും ജാതീയ മനോഭാവം പുലര്‍ത്തിയിട്ടുണ്ടെന്ന് മായാവതി. കോൺഗ്രസ് ദുർബലമായ യുപി പോലുള്ള ഒരു സംസ്ഥാനത്ത് ബിഎസ്പിയുമായുള്ള സഖ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും മായാവതി വിമര്‍ശിച്ചു.

യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യത്തിൽ ബിഎസ്പി മത്സരിച്ചപ്പോഴെല്ലാം തന്റെ പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ അവര്‍ക്ക് ലഭിച്ചിട്ടും, തങ്ങള്‍ക്ക് അത് തിരിച്ചുകിട്ടിയില്ലെന്നും മായാവതി പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ ബിഎസ്പിക്ക് എല്ലായ്‌പ്പോഴും തോല്‍വികള്‍ നേരിടേണ്ടി വന്നു.ഇത്തവണ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എങ്ങനെയാണ് ഇത്രയും ദയനീയ പരാജയം ഉണ്ടായതെന്ന് അവർ ചോദിച്ചു.

കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി അവിടെ പ്രവർത്തിച്ചത് കൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. അല്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ ഇത്രയും മോശമാകുമായിരുന്നില്ല. മിക്ക സ്ഥാനാർത്ഥികളുടെയും കെട്ടിവച്ച കാശ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ലെന്നും മായാവതി പരിഹസിച്ചു. തന്നിലേക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് രാഹുല്‍ സ്വയം ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതിയുടെ ബിഎസ്പി വിസമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മായാവതിയുടെ മറുപടി. മൂന്ന് പാർട്ടികളും (കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി) ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമായിരുന്നില്ലെന്നും രാഹുല്‍ റായ്ബറേലിയിൽ വിദ്യാർത്ഥികളോട് സംവദിക്കവേ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by