മുംബൈ: വിപണിയില്‍ ഡോളര്‍ ഇറക്കി രൂപയുടെ മൂല്യം കൂട്ടേണ്ടെന്ന തീരുമാനമെടുത്ത റിസര്‍വ്വ് ബാങ്കിന് ഡോളര്‍ 88 രൂപ എന്ന നിലിയില്‍ എത്തിയതോടെ കയ്യും കെട്ടി നോക്കി നില്‍ക്കാനാകാതെ വന്നു. അതോടെ വീണ്ടും ഡോളര്‍ ഇറക്കി ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇടയ്ക്കിടെ വിദേശ കറന്‍സി എക്സ് ചേഞ്ചില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഫലം കാണുകയാണ്.
ഫെബ്രുവരി 22ന് ഡോളറിനെതിരെ 33 പൈസയുടെ മൂല്യം രൂപയ്‌ക്ക് വര്‍ധിച്ചു. ഇതോടെ ഒരു ഡോളറിന് 86 രൂപ 65 പൈസയിലേക്ക് രൂപ കയറിയിരിക്കുകയാണ്.
രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ എട്ട് ശതമാനത്തോളം താഴേക്ക് പതിച്ചതോടെ വിദേശനാണ്യ ശേഖരത്തില്‍ നിന്നും ഡോളര്‍ വിപണിയില്‍ ഇറക്കി ഇന്ത്യന്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താവുന്ന സാഹചര്യമല്ലെന്ന് റിസര്‍വ്വ് ബാങ്ക് തിരിച്ചറിഞ്ഞിരുന്നു. അതേ തുടര്‍ന്ന് രൂപയുടെ മൂല്യം വിപണിയില്‍ സ്വാഭാവികമായ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകട്ടെ എന്ന നിലപാടെടുത്തിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. അതായത് കയ്യിലുള്ള ഡോളര്‍ ഇറക്കി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു എന്നര്‍ത്ഥം. എന്നാല്‍ രൂപ ഒരു ഡോളറിന് 88 രൂപയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഡോളര്‍ ഇറക്കി രൂപയെ രക്ഷിക്കാം എന്ന നിലപാട് റിസര്‍വ്വ് ബാങ്ക് എടുത്തത്.
ട്രംപ് യുഎസില്‍ പ്രസിഡന്‍റായി അധികാരത്തില്‍ എത്തിയതോടെയാണ് രൂപയുടെ മൂല്യം വല്ലാതെ ഇടിഞ്ഞത്. ഇതിന് പ്രധാനകാരണം ഡോളറിന്റെ മൂല്യം ശക്തമായതാണ്. മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് അയക്കുന്ന ചരക്കിന് ചുങ്കം കൂട്ടുമെന്ന ട്രംപിന്റെ ഭീഷണി കൂടിയാതോടെയാണ് രൂപ ഉള്‍പ്പെടെയുള്ള മിക്ക കറന്‍സികളും മൂല്യത്തില്‍ ഇടിഞ്ഞത്.
ഡോളറിനെ സ്റ്റെറിലൈസ് ചെയ്തിട്ടും രൂപയുടെ മൂല്യം ഉയരാത്ത സാഹചര്യം ഉണ്ടായിരുന്നു
ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ തകരുന്നതില്‍ നിന്നും രക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്ക് ശക്തമായ ഇടപെടല്‍ നേരത്തെ നടത്തിയിരുന്നു. അതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഇന്ത്യയിലേക്കെത്തുന്ന ഡോളറിനെ സ്റ്റെറിലൈസ് ചെയ്തിരുന്നതുമാണ്. ഇന്ത്യയിലേക്ക് വരുന്ന ഡോളറിനെ മുഴുവനായി ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് വാങ്ങുകയാണ്. ഇതാണ് സ്റ്റെറിലൈസേഷന്‍ അഥവാ ന്യൂട്രലൈസേഷന്‍. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ വരവ് വര്‍ധിക്കും. ഡോളറിന്റെ സാന്നിധ്യം കുറയുകയും ചെയ്യും. ഇത് രൂപയുടെ മൂല്യം ഉയര്‍ത്തും. പക്ഷെ ട്രംപ് പ്രതിഭാസം മൂലം ഡോളര്‍ സ്റ്റെറിലൈസ് ചെയ്തിട്ടും രക്ഷയില്ലാത്ത സ്ഥിതിയായിരുന്നു.
കരുതലായി റിസര്‍വ്വ് ബാങ്കിന്റെ ഡീഡൊളറൈസേഷന്‍
രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്‌ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്നതിനാലാണിത്. 2024ല്‍ മാത്രം ഇന്ത്യ വാങ്ങിയത് 72.6 ടണ്‍ സ്വര്‍ണ്ണമാണ്. 2023നും 2024നും ഇടയ്‌ക്ക് റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണം നാല് മടങ്ങായി വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ശേഖരം 803 ടണ്ണില്‍ നിന്നും 87 ടണ്‍ സ്വര്‍ണ്ണം എന്ന നിലയിലേക്ക് മാറി. അതേ സമയം കറന്‍സി രംഗത്ത് രൂപയുടെ മൂല്യം ഇടിയുമ്പോഴും വിപണിയില്‍ ഇടപെടാതെ രൂപ സ്വയം കരകയറട്ടെ എന്ന നിലപാടിലായിരുന്നു ഇന്ത്യ. കാരണം ഡോളര്‍ കഴിഞ്ഞ മാസങ്ങളില്‍ അത്രത്തോളം ശക്തിപ്പെട്ടിരുന്നു.
എന്തായാലും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന റിസര്‍വ്വ് ബാങ്കിന്റെ നിലപാടിന് കയ്യടിക്കുകയാണ് ഇപ്പോള്‍ സാമ്പത്തികവിദഗ്ധര്‍. നാളെ ഡോളറിന്റെ മൂല്യം ഇടിഞ്ഞാലും സ്വര്‍ണ്ണത്തിന്റെ മൂല്യം ഇടിയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ട്രംപിന്റെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കിന് ഇറക്കുമതി തീരുവ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലൂമിനിയത്തിനും ഉരുക്കിനും ഇറക്കുമതി തീരുവ 25 ശതമാനമായി ഉയര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അങ്ങിനെയെങ്കില്‍ ഭാവിയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക