Football

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ അപാരത; ഫൈനല്‍ മ്യൂണിക്കില്‍ പ്രീക്വാര്‍ട്ടറില്‍ ബുന്ദെസ് ലിഗ പോരാട്ടം

Published by

ന്യോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാറായി. ഒപ്പം ഇത്തവണത്തെ ഫൈനല്‍ വേദിയും ക്വാര്‍ട്ടര്‍ സെമി പോരാട്ടങ്ങളുടെ ദിവസവും നിശ്ചയിച്ചു. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ട് അലയന്‍സ് അരീനയിലാണ് ജൂണ്‍ ഒന്നിന് നടക്കുന്ന ഫൈനല്‍. പ്രീക്വാര്‍ട്ടറില്‍ ഏറ്റവും ആവേശമുയര്‍ത്തുന്ന നേര്‍ക്കുനേര്‍ ലൈനപ്പ് വന്നിരിക്കുന്നതും ജര്‍മന്‍ ടീമുകള്‍ തമ്മിലാണ്.

ജര്‍മന്‍ ബുന്ദസ് ലിഗയില്‍ നിലവില്‍ കിരീടപ്പോരിനായി കടുത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ബയേണ്‍ മ്യൂണിക്കും ബയെര്‍ ലെവര്‍കുസനും തമ്മില്‍ ഏറ്റുമുട്ടും. ജര്‍മന്‍ ലീഗില്‍ ഇപ്പോള്‍ 55 പോയിന്റുമായി ബയേണ്‍ മുന്നിലുണ്ട്. തൊട്ടുപിന്നിലുള്ള ലെവര്‍കുസന് 47 പോയിന്റാണുള്ളത്. വര്‍ഷങ്ങളോളം ബയേണ്‍ തുടര്‍കിരീടം നേടിക്കൊണ്ടിരുന്ന ലീഗില്‍ കഴിഞ്ഞ വര്‍ഷം ലെവര്‍കുസന്‍ മുന്നേറി ജേതാക്കളായിരുന്നു. ഇതിനാല്‍ ഇത്തവണ ഈ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്ന പ്രീക്വാര്‍ട്ടര്‍ പോരിന് ഫൈനലിന്റെ ചൂടും ചൂരുമുണ്ടാകുമെന്നുറപ്പാണ്.

പ്രീക്വാര്‍ട്ടറില്‍ ആവേശമുയര്‍ത്തുന്ന മറ്റൊരു ലൈനപ്പ് മാഡ്രിഡ് ഡെര്‍ബിയാണ്. ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡും റിയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ പോരടിക്കും.

പ്ലേഓഫില്‍ എസി മിലാനെ കീഴടക്കിയെത്തിയ ഡച്ച് ക്ലബ്ബ് ഫെയെനൂര്‍ദിന് പ്രീക്വാര്‍ട്ടറില്‍ എതിരാളിയായി കിട്ടിയതും മിലാന്‍ ക്ലബ്ബിനെ. കരുത്തരായ ഇന്റര്‍ മിലാനും ഫെയെനൂര്‍ദും തമ്മില്‍ പ്രീക്വാര്‍ട്ടറില്‍ പോരടിക്കും. പ്രീക്വാര്‍ട്ടറില്‍ രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മാര്‍ച്ച് നാല്, 11 തീയതികളിലാണ്. ഏപ്രില്‍ എട്ട്, 15 തീയതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഏപില്‍ 29, മെയ് ആറ് തീയതികളിലായി സെമി മത്സരങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by