തിരുവനന്തപുരം: ഭീഷണിയും അനുനയവും വഴി റാഗിംഗ് കേസുകള്‍ പിന്വലിപ്പിക്കുന്നതു തടയാനും വിദ്യാര്‍ത്ഥികള്‍ക്കടക്കം പേരുവെളിപ്പെടുത്താതെ രഹസ്യമായി പരാതി നല്‍കാനും ഉതകുംവിധം പോര്‍ട്ടല്‍ ഏര്‍പ്പെടുത്തണമെന്ന് അക്കാദമിക് വിദഗ്ധരുടെ ഭാഗത്തു നിന്ന് നിര്‍ദേശം ഉയര്‍ന്നു. സ്വതന്ത്രമായി പരാതികള്‍ സ്വീകരിക്കാനും തുടര്‍ നടപടികള്‍ എടുക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നു കണ്ടാണ് പുതിയ സംവിധാനം ആലോചിക്കുന്നത്. പ്രത്യേകം രൂപീകരിക്കുന്ന അക്കാദമിക് വിദഗ്ധരുടെ സമിതി പോര്‍ട്ടല്‍ പരിശോധിച്ച് കേസെടുക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളണമെന്നാണ് നിര്‍ദേശം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും പലതും ഭീഷണികള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങുന്ന പതിവുണ്ട്. കേന്ദ്രീകൃതമായ പോര്‍ട്ടല്‍ നിലവില്‍ വന്നാല്‍ ഇതിന് അറുതിവരുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആന്റി റാഗിംഗ് സെല്ലുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: