പി. രാജീവ്
(വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി)
ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഭാരതത്തില്‍ നിന്നുള്ള ഒരു പദ്ധതി നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നേടി. അത് കേരളത്തിന്റെ ‘സംരംഭക വര്‍ഷം’ പദ്ധതിയാണ്.
ഇതേ പദ്ധതി ഭാരതത്തിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി നരേന്ദ്ര മോദിപങ്കെടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെട്ടു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പല ഓഫീസുകള്‍ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതല്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് അടിത്തറയിടാന്‍ സാധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നു കയറിയത്.
ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്
കേരളം കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025’ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വിപ്ലവകരമായ വിധത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഈ പരിപാടിയിലൂടെ കടന്നുവരും. കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അന്‍പതോളം മുന്നൊരുക്ക പരിപാടികള്‍ നിക്ഷേപ സംഗമത്തിന് മുന്‍പായി കേരളം സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബൈ, ദല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ദുബായിയിലും ഇന്‍ഡസ്ട്രിയല്‍ റോഡ്ഷോ സംഘടിപ്പിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ് എന്നിവയ്‌ക്ക് പുറമെ പത്തിലധികം സെക്ടറല്‍ കോണ്‍ക്ലേവുകള്‍ പൂര്‍ത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാര്‍ മേഖലയ്‌ക്കായും പ്രത്യേക കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകര്‍ ഈ ഘട്ടത്തില്‍ നമ്മുടെ നാടിന്റെ അംബാസിഡര്‍മാരായി മാറി.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്
352 പരിഷ്‌കാര പരിപാടികള്‍ പറഞ്ഞതില്‍ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസില്‍ ഒന്നാമതെത്തി. 9 മേഖലകളില്‍ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി.
ടോപ്പ് അച്ചീവര്‍ ലിസ്റ്റില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്‌കാരം ദല്‍ഹിയില്‍ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കൈമാറി. ഈ വര്‍ഷവും നിക്ഷേപ സൗഹൃദ സൂചികയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളില്‍ 99 ശതമാനവും കേരളം പൂര്‍ത്തിയാക്കി.
1410 കോടി രൂപയുടെ എംഎസ്എംഇ പാക്കേജാണ് പദ്ധതികളിലൊന്ന്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്‌ഐഎ, ട്രേഡ് യൂണിയനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടു.
50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമം പാസാക്കി. വ്യവസായശാലകളിലെ അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോര്‍ട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റിയൂട്ടറി സമിതികള്‍ രൂപീകരിച്ചു.
സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരം നല്‍കി. ഇന്‍വെസ്റ്റ് കേരള ഹെല്‍പ് ഡെസ്‌കും എംഎസ്എംഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.
വലിയ നിക്ഷേപങ്ങള്‍
സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തി. ഐബിഎം, എച്ച്‌സിഎല്‍ ടെക്, നോവ് ഐഎന്‍സി, സ്ട്രാഡ ഗ്ലോബല്‍, ഡി-സ്‌പേസ്, സാഫ്രാന്‍, ആക്‌സിയ ടെക്‌നോളജീസ്, സിന്തെറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികള്‍ നിക്ഷേപം നടത്തി. ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളില്‍ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജന്‍ വാലിയാണ്. ഐബിഎം ഒരേ നഗരത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് പദ്ധതികള്‍ ആരംഭിച്ചത് കേരളത്തിലാണ്. എച്ച്‌സിഎല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും സാധിച്ചു.
സംരംഭക വര്‍ഷം
ദീര്‍ഘകാലത്തിന് ശേഷം കേരളത്തിന്റെ വ്യവസായമേഖലയ്‌ക്ക് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിത്തന്ന പദ്ധതിയാണ് ‘സംരംഭകവര്‍ഷം’. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരവും നേടിയ പദ്ധതി. ഈ വര്‍ഷം മുസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങിലും കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവര്‍ഷം 10000 സംരംഭങ്ങള്‍ ആരംഭിച്ചിരുന്ന കേരളത്തില്‍ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും ഈ പദ്ധതിയിലൂടെ സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി.
പുതിയ കേരളം
ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കുകയാണ്. ഇതിനായി പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാന്റ് ലീസ് പോളിസിയില്‍ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാര്‍ക്ക് പോളിസി കൊണ്ടുവന്നു. എക്‌സ്‌പോര്‍ട് പോളിസി രൂപീകരിച്ചു. നിരവധി ഇന്‍സന്റീവുകളും സബ്സിഡികളും ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള വ്യവസായ നയത്തിലാണ് പുതിയ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: