ആലുവ : അങ്കമാലിയിൽ 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്‌ക്കൽ ഫൈസൽ ( 44) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഹിമാചൽ പ്രദേശിൽ ഒളിവിലായിരുന്നു ഇയാൾ.
കഴിഞ്ഞ മെയ് മാസമാണ് ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 201ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പിടികൂടിയത്. രാസ ലഹരി കടത്തിയ വിബിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നിന് പണം മുടക്കുന്ന ആളാണ് ഫൈസൽ.
ഫൈസലും വിബിനും ചേർന്നാണ് ബംഗലൂരുവിൽ മയക്കുമരുന്ന് വാങ്ങാൻ പോയത്. വാങ്ങിയ ശേഷം ഫൈസൽ മറ്റൊരു വാഹനത്തിൽ നാട്ടിലേക്ക് തിരിക്കും. സിറ്റി പ്രദേശത്താണ് വിൽപ്പന നടത്തുന്നത്. സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘമാണിവർ.
ബംഗലൂരുവിൽ നൈജീരിയൻ വംശജനായ റെഗ്നാർഡ് പോൾ എന്നയാളിൽ നിന്നാണ് സംഘം രാസലഹരി വാങ്ങിയിരുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്റ്റുഡൻ്റ് വിസയിൽ ഇന്ത്യയിലെത്തി വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും നൈജീരിയൻ പൗരൻ ഇവിടെ തുടരുകയായിരുന്നു.
ഇയാളാണ് സിന്തറ്റിക്ക് ലഹരി നിർമ്മിച്ചിരുന്നത്. കുക്ക് എന്ന പേരിൽ അറിയപ്പെട്ട നൈജീരിയൻ വംശജനെ സാഹസികമായി അങ്കമാലി പോലീസ് ബംഗലുരുവിലെ താവളത്തിലെത്തി കീഴടക്കി കേരളത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മയക്ക് മരുന്നു സംഘങ്ങൾക്ക് രാസലഹരി നിർമ്മിച്ചു നൽകിയിരുന്നത് ഇയാളാണ്. വിബിനും, റെഗ്നാർഡ് പോളും ഇവിടെ റിമാൻഡിലാണ്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ് ബിജീഷ്, ബേബി ബിജു, സീനിയർ സി പി ഒ മാരായ അജിതാ തിലകൻ,ടി.പി ദിലീപ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: