തൊടുപുഴ: പാതിവില തട്ടിപ്പ് കേസില്‍ കുമളി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ കുമളിയിലെ വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബ വിദേശത്തേക്ക് കടന്നിരുന്നു. നിരവധി പേരെ ഇവര്‍ പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇഡി കേസ് എടുത്തത്. വിവിധ ജില്ലകളുടെ ചുമതല ഷീബയ്ക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഷീബ വിദേശത്തായതിനാലാണ് വീട് സീല്‍ ചെയ്തത്.
സ്കൂട്ടറുകള്, ലാപ്ടോപ്പുകള്, വീട്ടുപകരണങ്ങള്‍ എന്നിവ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്ത് ഏകദേശം 500 കോടി രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതിയുടെ പിന്നിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന അനന്തു കൃഷ്ണന്, പ്രമുഖ എന്‍ജിഒ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്മാന് കെ എന്‍ ആനന്ദകുമാര്‍, അനന്തു കൃഷ്ണന്റെ നിയമ ഉപദേഷ്ടാവായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സിഎസ്ആര്‍ ഫണ്ടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നതാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: