ന്യൂദൽഹി: നമ്മുടെ ജീവിത കാലത്തുതന്നെ ഭാരതം വിശ്വഗുരുവാകുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് .ആർഎസ്‌എസ് പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയും അനുദിനം വികസിക്കുകയുമാണെന്ന് ദൽഹിയിൽ പുനർനിർമ്മിച്ച ആർ എസ് എസ് കാര്യാലയം കേശവകുഞ്ജിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രത്തിന്റെ പരമ വൈഭവം മുൻനിർത്തി ഓരോ സ്വയംസേവകനും നിസ്വാർത്ഥമായി പ്രവർത്തിക്കണം. ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കണം.സംഘത്തിന്റെ പ്രവർത്തനങ്ങൾ ബഹുമുഖ തലങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്; അതിനാൽ, ഓരോ സ്വയംസേവകനും ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കാനുള്ള കഴിവും ജീവിത ശുദ്ധിയും ആർജിക്കണം. പ്രവർത്തനത്തിൽ ആദ്യകാലത്തെ കഷ്ടപ്പാടുകൾ ഇന്നില്ല. സാഹചര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ പ്രവർത്തനത്തിന്റെ ദിശ മാറരുത്, മോഹൻ ഭാഗവത് പറഞ്ഞു.
സമ്പത്ത് ആവശ്യമാണ്. ആവശ്യത്തിനുള്ളത് വേണം, എന്നാലത് പരിമിതികളോടെ നേടിയെടുക്കണം. കേശവ സ്മാരക സമിതി പുതുതായി നിർമ്മിച്ച കെട്ടിടം മഹത്തായതാണ്. അതോടൊപ്പം ഉത്തരവാദിത്തവും കൂടുന്നു. ഇതിന്റെ നിലവാരം ഉയർത്തിപ്പിടിക്കാൻ കഴിയണം. ദേശീയ തലസ്ഥാനമായ ദൽഹി നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. അതുകൊണ്ട് എല്ലാ ആവശ്യങ്ങളു നിറവേറ്റുന്ന ഒരു കെട്ടിടം അനിവാര്യമായിരുന്നു, അത് പൂർത്തിയായിരിക്കുന്നു. എന്നാൽ സംഘത്തിന്റെ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല. വിമർശനങ്ങളും എതിർപ്പുകളും നമ്മെ ജാഗരൂകരാക്കി നിലനിർത്തുന്നുവെന്ന് എപ്പോഴും ഓർമ്മിക്കണം. അനുകൂലമായ അന്തരീക്ഷത്തിലും ജാഗ്രത പാലിക്കണം, അദ്ദേഹം ഓർമ്മിപ്പിച്ചു.
ശ്രീരാമ ജന്മഭൂമി ന്യാസ് ട്രഷറർ പൂജ്യ ഗോവിന്ദദേവ് ഗിരി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ ഗുരുജിയുടെയും ഛത്രപതി ശിവാജി മഹാരാജിന്റെയും ജയന്തി എന്ന നിലയിൽ ഈ ദിവസം പുണ്യദിനമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘ പ്രാർത്ഥനയേക്കാൾ വലിയ മന്ത്രമില്ലെന്ന് കാഞ്ചി കാമകോടി പീഠാധിപതി മുമ്പ് പറഞ്ഞിട്ടുണ്ട്. ശിവാജി മഹാരാജിന്റെ മകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ധീരമായ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഗോവിന്ദദേവ് ഗിരി ജി, ഛത്രപതി ശിവാജി ഒരിക്കലും തളരാത്ത, കീഴടങ്ങാത്ത കരുത്തരെ എങ്ങനെ വളർത്തിയെടുത്തു എന്ന് ഓർമ്മിപ്പിച്ചു. നമ്മൾ ഹിന്ദു ഭൂമിയുടെ മക്കളാണ്. ഭ’ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചാണ് സംഘം എപ്പോഴും സംസാരിക്കുന്നത്.
ഡോക്ടർജിയുടെ അചഞ്ചലമായ ദൃഢനിശ്ചയമാണ് 100 വർഷം പൂർത്തിയാക്കാൻ സംഘത്തെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൂജ്യ രാഘവാനന്ദ് ജി മഹാരാജ്, കേശവ് സ്മാരക സമിതി പ്രസിഡന്റ് അലോക് കുമാർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: