Kerala

കുട്ടിയെ ഒറ്റയ്‌ക്ക് കണ്ടതോടെ സംശയമായി, കുട്ടിയെ കണ്ടെത്തിയ ജോർജിന് പറയാനുള്ളത്

Published by

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വല്ലാർപാടത്ത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചതിന്റെ മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടി.

ഏഴു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.കുടുംബാംഗങ്ങൾക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടി നഗരത്തിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

സമീപവാസിയായ ജോർജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തിൽ വച്ച് ആദ്യം കണ്ടത്. ‘കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടിൽ നിന്ന് അമ്മയും ഇങ്ങനെയൊരു കുട്ടിയെ കാണാതായെന്ന് വിളിച്ചു പറഞ്ഞിരുന്നതായി ജോർജ് പറയുന്നു. പെൺകുട്ടിയെ ഒറ്റയ്‌ക്ക് കണ്ടതോടെ സംശംയം തോന്നിയാണ് പിടിച്ചുനിർത്തിയതെന്ന് ജോർജ് പറഞ്ഞു.

‘തിരിച്ചു വരുന്ന വഴിയാണ് കുട്ടി അവിടെ നിന്ന് സൈക്കിൾ ചവിട്ടി വരുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലത്താണ്, അവിടേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. ആകെ വിഷമത്തിലായിരുന്നു.’ – ജോർജ് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by