തിരുവനന്തപുരം: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി രൂപം നല്കിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവര്‍ത്തനം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളിലും പരാജയമാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവില്‍ ആക്ഷേപം.
ആഭ്യന്തര സമിതികള്‍ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാരും മാധ്യമസ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും സെമിനാറില്‍ ആവശ്യപ്പെട്ടു.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ തൊഴിലെടുക്കുന്ന അമ്മമാര്‍ക്കായി രാത്രിയിലും പ്രവര്‍ത്തിക്കുന്ന ശിശുപരിപാലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണം.
അവിവാഹിതരായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാത്രി ജോലി കഴിഞ്ഞ് തങ്ങുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഓരോ ജില്ലയിലും ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ വിഷയങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ത്തുന്ന ശബ്ദം സമൂഹം ഏറെ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്നും സ്ത്രീകള്‍ ഒന്നിന്റെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതില്ലെന്നും മുഖ്യപ്രഭാഷണത്തില്‍ മാധ്യമ പ്രവര്‍ത്തക മായ ശര്‍മ പറഞ്ഞു.
പ്രത്യേക മുദ്രണം ചാര്‍ത്തി വനിതാ മാധ്യമ പ്രവര്‍ത്തകരെ പിന്തള്ളുന്നത് ജനാധിപത്യവിരുദ്ധ സമീപനമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകയായ റാണ ആയൂബ് പറഞ്ഞു. കെ. എം. ബീന, സുജയ പാര്‍വതി, കെ. പി. സഫീന, വി. പി. റജീന, നീതു സരള രഘുകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ന്യൂസ് മിനിറ്റ്സിലെ ഹരിതാ ജോണ്‍ മോഡറേറ്ററായിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ പോഷ് ആക്ട് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ ശക്തിപ്പെടുത്തണമെന്നതും സെമിനാറില്‍ ആവശ്യമുയര്‍ന്നിരുന്നു.
കേരളത്തിലെ ആദ്യ കാല വനിതാ പത്രപ്രവര്‍ത്തകയായ എം. ഹലീബീവിയെക്കുറിച്ച് ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ഡയറക്ടര്‍ ടി വി സുഭാഷ്, കേരള മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, വൈസ് പ്രസിഡന്റ് പി എം കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: